ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ ഇന്നലെ (വെള്ളി) അറസ്‌റ്റിലായ ബിആർഎസ് എംഎൽസി കെ കവിതയെ ഡൽഹി റൂസ് അവന്യൂ കോടതി ഏഴുദിവസത്തെ ഇഡി കസ്‌റ്റഡിയിൽ വിട്ടു. ഈ മാസം 23ന് വീണ്ടും കോടതിയിൽ ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
ഇന്നലെ അറസ്‌റ്റ് ചെയ്‌തതിന് ശേഷം രാത്രി മുഴുവൻ ഇഡി ഓഫീസിലെ പ്രത്യേക സെല്ലിലാണ് കവിതയെ പാർപ്പിച്ചത്. രാവിലെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് അവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
കവിതയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ വിക്രം ചൗധരിയും ഇഡിക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടര്‍ എൻകെ മട്ടയും ഇഡിയുടെ പ്രത്യേക അഭിഭാഷകൻ സോബ് ഹുസൈനും ഹാജരായി. സുപ്രീം കോടതിയിൽ നൽകിയ ഉറപ്പ് പൂർണമായും ലംഘിച്ചാണ് അന്വേഷണ ഏജൻസി കവിതയെ അറസ്‌റ്റ് ചെയ്‌തതെന്ന് പ്രാഥമിക വാദത്തില്‍ കവിതയുടെ അഭിഭാഷകൻ വിക്രം ചൗധരി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
തുടര്‍ന്ന് വാദമാരംഭിച്ച ഇഡി അഭിഭാഷകന്‍ സോബ് ഹുസൈൻ ഗൗരവതരമായ നടപടി സ്വീകരിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടില്ലെന്ന് കോടതിയെ അറിയിച്ചു. സെപ്റ്റംബർ 15-ന് സുപ്രീം കോടതിയ്‌ക്ക് നല്‍കിയ ഉറപ്പില്‍ അടുത്ത പത്ത് ദിവസത്തേയ്‌ക്ക് സമന്‍സ് അയയ്‌ക്കില്ലെന്നേ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വ്യക്‌തമാക്കിയിരുന്നുള്ളൂ എന്നും സോബ് ഹുസൈൻ കോടതിയെ ബോധിപ്പിച്ചു.
ഒരു ഉത്തരവ് അനുകൂലമാണെങ്കിൽ അത് അനിശ്ചിതകാലത്തേക്കുള്ളതല്ലെന്നും ഇഡി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയിൽ നൽകിയ മൊഴി കോടതിയെ ലംഘിക്കുന്നതായി കണക്കാക്കാൻ കഴിയിലിലെന്നും, കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന ഒരുത്തരവില്ലെന്നും സോബ് ഹുസൈൻ കോടതിയെ ധരിപ്പിച്ചു.
കവിതയെ അറസ്‌റ്റ് ചെയ്യാനുള്ള എല്ലാ കാരണങ്ങളും റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെന്നും, ഇന്നലെ വൈകിട്ട് അഞ്ച് മണി കഴിഞ്ഞ് 43 മിനിറ്റ് ആയപ്പോഴാണ് അറസ്‌റ്റ് രേഖപ്പെടുത്തിയതെന്നും ഇഡി അഭിഭാഷകൻ വ്യക്‌തമാക്കി. അതിനാല്‍ സൂര്യാസ്‌തമയത്തിന് ശേഷം കവിതയെ അറസ്‌റ്റ് ചെയ്‌തു എന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കവിതയെ 10 ദിവസത്തേക്ക് കസ്‌റ്റഡിയിൽ വിടണമെന്ന് ഇഡി അഭിഭാഷകൻ അഭ്യർത്ഥിച്ചു. എന്നാല്‍ ഏഴ് ദിവസത്തേക്ക് ചോദ്യം ചെയ്യാനാണ് ജഡ്‌ജി അനുമതി നല്‍കിയത്. വരുന്ന 23ന് ഉച്ചയ്ക്ക് ശേഷം വീണ്ടും കോടതിയിൽ ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
Also Read: കെജ്‌രിവാളിന് ആശ്വാസം; ഡല്‍ഹി മദ്യനയ കേസില്‍ ജാമ്യം
റെയ്‌ഡിന് പിന്നാലെ അറസ്‌റ്റ് : ഇന്നലെ (മാര്‍ച്ച് 15) കവിതയുടെ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വസതിയില്‍ ഇഡിയും ഐടി വകുപ്പും റെയ്‌ഡ് നടത്തിയിരുന്നു. തുടര്‍ന്ന് ഉച്ചയോടെ ഇഡി കവിതയെ കസ്‌റ്റഡിയിലെടുക്കുകയും വൈകിട്ടോടെ അറസ്‌റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ഡല്‍ഹി സര്‍ക്കാരിന്‍റെ കീഴിലായിരുന്ന മദ്യവില്‍പനയുടെ ലൈസന്‍സ് 2021ല്‍ സ്വകാര്യ മേഖലയ്‌ക്ക് കൈമാറിയതിന്‍റെ മറവില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം ഇഡി കണ്ടെത്തിയിട്ടുണ്ട്. കവിതയുടെ കൂട്ടാളിയായ മലയാളി മദ്യവ്യവസായി അരുണ്‍ രാമചന്ദ്രന്‍ പിള്ള നേരത്തെ അറസ്‌റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് കവിതയും പിടിയിലാവുന്നത്.
ജൂബിലി ഹില്‍സില്‍ നാടകീയ രംഗങ്ങള്‍: കവിത അറസ്‌റ്റിലായതിന് പിന്നാലെ സഹോദരനും ബിആര്‍എസ് വര്‍ക്കിങ് പ്രസിഡന്‍റുമായ കെടി രാമറാവു ജൂബിലി ഹില്‍സിലെ വസതിയില്‍ എത്തി. ഇതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. അറസ്‌റ്റിന് പിന്നാലെ കവിതയെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുന്നത് കെടിആര്‍ ചോദ്യം ചെയ്‌തു. ട്രാന്‍സിറ്റ് വാറന്‍റ് കാണണമെന്ന് ആവശ്യപ്പെട്ട് കെടിആര്‍ ഇഡി ഉദ്യോഗസ്ഥരുമായി തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല.
റെയ്‌ഡും പിന്നാലെയുള്ള അറസ്‌റ്റും : കേസില്‍ ഇഡിയും ഐടി വകുപ്പും നേരത്തെ കവിതയ്‌ക്ക് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഇതില്‍ കവിത പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് വസതിയിലെ റെയ്‌ഡും തുടര്‍ന്നുള്ള അറസ്‌റ്റും. ഇന്നലെ ഉച്ചയോടെയാണ് ഇഡി ജോയിന്‍റ് ഡയറക്‌ടറുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം ബെഞ്ചാര ഹില്‍സിലെ കവിതയുടെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്. റെയ്‌ഡ് നടക്കുന്ന സാഹചര്യത്തില്‍ വീട്ടിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. വീടിന് പരിസരത്ത് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയതിന് ശേഷമാണ് പരിശോധന ആരംഭിച്ചത്.
Also Read: മദ്യനയ അഴിമതി കേസ് : ബിആര്‍എസ് നേതാവ് കെ കവിത അറസ്‌റ്റില്‍
ബിആര്‍എസിന് തിരിച്ചടി : ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ കവിതയ്‌ക്കെതിരെയുള്ള കേസ് തെലങ്കാനയില്‍ ബിആര്‍എസിനെ പ്രതികൂലമായി ബാധിച്ചേക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെസിആറിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്‍റെ രേവന്ദ് റെഡ്ഡി അധികാരത്തിലേറിയത് തന്നെ ബിആര്‍എസിന് വന്‍ തിരിച്ചടിയായിരുന്നു. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിആര്‍എസിന്‍റെ നില പരുങ്ങലിലാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.