പൂഞ്ച് (ജമ്മു കശ്‌മീർ) : തെരഞ്ഞെടുപ്പാവേശത്തിൽ ജമ്മു കശ്‌മീർ. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി സ്ഥാനാർഥി മുർതാസ ഖാൻ വ്യാഴാഴ്‌ച (ഓഗസ്‌റ്റ് 29) മെന്ദർ നിയമസഭ മണ്ഡലത്തിൽ റോഡ് ഷോ നടത്തി. മൂന്ന് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്‌മീരിൽ രണ്ടാം ഘട്ടമായ സെപ്‌റ്റംബർ 25 നാണ് മെന്ദറിൽ വോട്ടെടുപ്പ് നടക്കുക.
സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മുർതാസ ഖാൻ തന്‍റെ മണ്ഡലമായ മെന്ദർ സന്ദർശിച്ചു. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി മണ്ഡലം സന്ദർശിക്കുന്നത് ഇന്നാണെന്ന് മുർതാസ ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. 'തെരഞ്ഞെടുപ്പ് യാത്ര ദുഷ്‌കരമാകില്ലെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കുന്ന രീതി സൂചിപ്പിക്കുന്നത്. യുവാക്കളും പ്രായമായവരും ഞങ്ങളുടെ ക്യാമ്പയ്‌നിൽ ചേരും, ഞങ്ങൾ വിജയം കൈവരിക്കും' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നാഷണൽ കോൺഫറൻസിന്‍റെയും (എൻസി) കോൺഗ്രസിന്‍റെയും തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യത്തെക്കുറിച്ചും മുർതാസ ഖാൻ പറഞ്ഞു. 'ആ സഖ്യം അധികനാൾ നിലനിൽക്കില്ല. നിലവിലുള്ള സംവരണ നയം പുനഃപരിശോധിക്കുമെന്ന് എൻസിയുടെ പ്രകടനപത്രികയിൽ പരാമർശമുണ്ട്. നിലവിലുള്ള സംവരണ നയം തകർക്കാനാണ് അവർ ആഗ്രഹിക്കുന്നത്' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, ജമ്മു കശ്‌മീരിലെ രണ്ടാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള വിജ്ഞാപനം ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസിഐ) ഇന്ന് പുറപ്പെടുവിച്ചു. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ 26 നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക.
രാവിലെ 7.00 മണി മുതൽ വൈകിട്ട് 06.00 മണി വരെ വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. ഒക്‌ടോബർ 4 നാണ് വോട്ടെണ്ണല്‍ നടക്കുക. 2014 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജമ്മു കശ്‌മീരിൽ പിഡിപി 28 സീറ്റുകളും ഭാരതീയ ജനത പാർട്ടി (ബിജെപി) 25 സീറ്റുകളും ജമ്മു കശ്‌മീർ നാഷണൽ കോൺഫറൻസ് 15 സീറ്റുകളും കോൺഗ്രസ് 12 സീറ്റുകളുമാണ് നേടിയത്.
മുഫ്‌തി മുഹമ്മദ് സയീദിന്‍റെ നേതൃത്വത്തിൽ പിഡിപിയും ബിജെപിയും ചേർന്ന് സർക്കാർ രൂപീകരിച്ചിരുന്നു. 2018 ൽ, മുഫ്‌തി മുഹമ്മദിൻ്റെ വിയോഗത്തെ തുടർന്ന് മെഹബൂബ മുഫ്‌തി അധികാരമേറ്റതിന് ശേഷം ബിജെപി സഖ്യത്തിൽ നിന്ന് പിന്മാറി. ജമ്മു കശ്‌മീരിൽ ഭൂരിഭാഗം സീറ്റുകളിലും ബഹുകോണ മത്സരങ്ങൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. അടുത്തിടെ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജമ്മുവിലെ രണ്ട് സീറ്റുകളിലും ബിജെപി വിജയിച്ചിരിന്നു. നാഷണൽ കോൺഫറൻസും രണ്ട് സീറ്റ് നേടി.
Also Read: 'വിജയിച്ചാലും തീരുമാനങ്ങളൊന്നും നടപ്പാക്കാനാകില്ല, തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല': മെഹബൂബ മുഫ്‌തി