ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡിലെ ഗോഡ്ഡ ജില്ലയിൽ ഭൂമി തർക്കത്തെ തുടർന്ന് ദമ്പതികളെ കൊലപ്പെടുത്തി മൃതദേഹത്തിന് തീകൊളുത്തി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സുന്ദർ പഹാഡി പൊലീസ് സ്റ്റേഷൻ പരിധിയിലെ കൈരസോൾ ഗ്രാമത്തിലാണ് സംഭവം.
അനന്ത് മാദയ്യ (52), ഭാര്യ സാവിത്രി ദേവി (49) എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച (26-02-2024) ഗ്രാമത്തിനടുത്തുള്ള വനത്തിൽ നിന്നാണ് ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കരിഞ്ഞ നിലയിലാണ് മൃതദേഹ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയതെന്ന് ഗോഡ്ഡ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ജെപിഎൻ ചൗധരി പറഞ്ഞു.
സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. വീരേന്ദ്ര മാദയ്യ (23), മിഥ്ലേഷ് മാദയ്യ (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ചോദ്യം ചെയ്യലിൽ പ്രതികള്‍ കൊലപാതക കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
പ്രതികളുടെ അയല്‍വാസികളാണ് കൊല്ലപ്പെട്ട ദമ്പതികള്‍. പ്രതികളുടെ പിതാവ് സോന ലാലുമായി ദീർഘകാലമായി ഭൂമി തർക്കം ഉണ്ടായിരുന്ന അയൽവാസികളോടുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു (Two arrested for killing couple, setting bodies on fire).
ഒരാഴ്ചയിലേറെയായി ദമ്പതികളെ കാണാതായെന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഫെബ്രുവരി 18നാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. ദമ്പതികളെ മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ അടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി തീകൊളുത്തിയതായി രണ്ട് പ്രതികളും സമ്മതിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്തതായും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്തതായും ഗോഡ്ഡ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ജെപിഎൻ ചൗധരി പറഞ്ഞു.