ഹൈദരാബാദ്: ഓട്ടോയിൽ നിന്ന് കണ്ടെടുത്ത സ്വർണ്ണ മാല ഉടമയ്‌ക്ക് തിരിച്ചേൽപ്പിക്കുന്നതിനിടെ ജ്വല്ലറി വ്യാപാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഗോവിന്ദ്റാം സോണിയാണ് (70) സ്വർണ്ണ മാല കൈമാറുന്നതിനിടെ ഹൈദരാബാദിലെ ഷൈനായത്ഗഞ്ച് പൊലീസ് സ്‌റ്റേഷനിൽവച്ച് ഹൃദയാഘാതം മൂലം മരിച്ചത് (Jeweler Died Of Heart Attack While Going To The Police Station To Hand Over A Gold Chain).
അഭിനന്ദനവും പിന്നാലെ മരണവും: ഇന്നലെ ഹൈദരാബാദിലെ നല്ലകുണ്ടയിൽ നിന്നാണ് മാലയുടെ ഉടമയായ മേഘ്‌ന റാപ്പിഡോ ഓട്ടോ ബുക്ക് ചെയ്‌ത് ഹൈക്കോടതിയിലേക്ക് പോയത്. കഴുത്തിൽ കിടന്നിരുന്ന സ്വർണ്ണ മാല നഷ്‌ട്ടപ്പെട്ടെതായി യുവതി ശ്രദ്ധിച്ചത്. ഉടൻ തന്നെ ഇക്കാര്യം ഭർത്താവിനോട് പറഞ്ഞു. എന്നാൽ ഇതേ ഓട്ടോ പിന്നീട് ബുക്ക് ചെയ്‌ത ജ്വല്ലറി വ്യാപാരിയായ ഗോവിന്ദ്റാം മാല കണ്ടെത്തുകയായിരുന്നു.
ഓട്ടോ ഡ്രൈവറായ നെനാവത് തരുൺ മുഖേന നേരത്തെ ഒരു സ്‌ത്രീ ആ ഓട്ടോയിൽ യാത്ര ചെയ്‌തിട്ടുണ്ടെന്നറിഞ്ഞ ഗോവിന്ദ്റാം ഉടൻ തന്നെ അടുത്തുള്ള ഷൈനായത്ഗഞ്ച് പൊലീസ് സ്‌റ്റേഷനിലെത്തി മാല പോലീസിന് കൈമാറുകയായിരുന്നു. ഇതിനിടെ മേഘ്ന ഓട്ടോ ഡ്രൈവറെ വിളിക്കുകയും പിന്നീട് ഡ്രൈവർ പറഞ്ഞ വിവരങ്ങൾ പ്രകാരം ഭർത്താവിനൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു.
പൊലീസിന്‍റെ സാന്നിധ്യത്തിൽവച്ച് ഗോവിന്ദ്റാം സോണി യുവതിക്ക് മാല കൈമാറുകയും പിന്നീട് അദ്ദേഹത്തിന്‍റെ മാതൃകയായ പ്രവർത്തനത്തെ മേഘ്‌ന അഭിനന്ദിക്കുകയും ചെയ്‌തു. എന്നാൽ ഗോവിന്ദ്റാമിന്‍റെ സന്തോഷത്തിന് ആയുസ് കുറവായിരുന്നു. ഏതാനം നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം പൊലീസ് സ്‌റ്റേഷനിൽവച്ച് തളർന്നുവീണു.
പൊലീസ് ഉടൻ തന്നെ ഉസ്‌മാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു.