ബെംഗളുരു: ഒടുവിൽ കർണാടകയിൽ എൻ ഡി എ മുന്നണിക്കകത്തെ സീറ്റ് വിഭജനം പൂർത്തിയായി. ജനതാദള്‍(എസ്)-ബിജെപി സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ അവസാനിച്ചു. ജെഡിഎസിന് മൂന്ന് സീറ്റുകള്‍ വിട്ടുനല്‍കാന്‍ ധാരണയായി. സംസ്ഥാനത്തെ 28 ലോക് സഭാ മണ്ഡലങ്ങളില്‍ മാണ്ഡ്യ, ഹസന്‍, കോലാര്‍ സീറ്റുകളാണ് ജെഡിഎസിന് ലഭിക്കുക. ഈ മൂന്ന് മണ്ഡലങ്ങളിലും ജെഡിഎസിനെ തങ്ങള്‍ പിന്തുണയ്ക്കുമെന്ന് ബിജെപിയുടെ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചുമതലയുള്ള രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ അറിയിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് സമിതി പാലസ് മൈതാനത്ത് സംഘടിപ്പിച്ച സംസ്ഥാനതല ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം (JDS Seat Sharing Debate Ends).
അതേസമയം സുമലത അംബരീഷിന് ടിക്കറ്റ് നല്‍കുന്നത് സംബന്ധിച്ച് തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുമലതയുടെ പങ്ക് വളരെ വലുതാണ്. അവരുടെ രാഷ്‌ട്രീയ ഭാവിയും നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാണ്ഡ്യയിൽ നിന്നുള്ള സ്വതന്ത്ര എം പിയായ സുമതല അബരീഷ് അടുത്തയിടെയാണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്. മാണ്ഡ്യ സീറ്റിനു വേണ്ടി സുമലത ഏറെ ശ്രമിച്ചുവെങ്കിലും കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ജെ ഡി എസ് മുന്നണിയിലെത്തിയതോടെ സുമലതയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുകയായിരുന്നു. ജെഡി എസിൻ്റെ ശക്തി കേന്ദ്രമായ മാണ്ഡ്യ തങ്ങൾക്ക് വേണമെന്ന് അവർ ശക്തമായി വാദിച്ചു. 25 മണ്ഡലങ്ങളിൽ ജനവിധി തേടുന്ന ബിജെപി മാണ്ഡ്യയടക്കം 3 സീറ്റുകൾ ജെഡി എസിന് നൽകാൻ നിർബന്ധിതരായി.സുമലതയുമായി കൂടിക്കാഴ്ച നടത്തിയ ബിജെപി ദേശീയ നേതാക്കൾ മാണ്ഡ്യക്ക് പകരം അവർക്ക് ചിക്ക്ബെല്ലാപ്പുര സീറ്റ് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. പക്ഷേ സുമലത അതിനു വഴങ്ങാത്ത സാഹചര്യത്തിൽ അവർക്ക് രാജ്യസഭാസീറ്റ് ബിജെപി വാഗ്ദാനം ചെയ്യുമെന്നാണ് സൂചന.
എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലേറിയാല്‍ രാജ്യം കൂടുതല്‍ വികസിതമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര പറഞ്ഞു. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസിത ഇന്ത്യ നിര്‍മ്മിതിക്കും, വിജയ ഇന്ത്യയ്ക്കുമുള്ള തെരഞ്ഞെടുപ്പാണ് 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി ഉത്തരവാദിത്തത്തോടെ തങ്ങളുടെ പങ്ക് നിറവേറ്റി സക്രിയ പ്രവര്‍ത്തനങ്ങളിലൂടെ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു( Sumalata Ambarish).
പ്രതിപക്ഷ നേതാവ് ആര്‍ അശോക, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് സമിതി സംസ്ഥാന കണ്‍വീനറുമായ വി സുനില്‍കുമാര്‍, സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ പ്രീതം ഗൗഡ, പി രാജീവ്, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങളായ ഭാരതി ഷെട്ടി, കേശവ് പ്രസാദ്, പാര്‍ട്ടി ഭാരവാഹികള്‍, നേതാക്കള്‍, തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് സമിതി അംഗങ്ങള്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
അതേസമയം ഡല്‍ഹിയിലെ ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം ഹസന്‍, മാണ്ഡ്യ, കോലാര്‍ മണ്ഡലങ്ങളിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അറിയിച്ചു. പാര്‍ട്ടിയില്‍ ആശയക്കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നും, പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മൂന്ന് മുതല്‍ നാല് സീറ്റുകള്‍ വരെയാണ് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു. ബിജെപിക്ക് തങ്ങളുടെ കരുത്ത് അറിയാമെന്നും അദ്ദേഹം പറഞ്ഞു.