തിരുവനന്തപുരം: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റിനെ വിമര്‍ശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ (CPIM's statement About 2024-25 Budget). 2024-25 ലെ ഇടക്കാല കേന്ദ്ര ബജറ്റ് ഇന്ത്യയിലെ സാധാരണ ജനവിഭാഗം അനുഭവിക്കുന്ന ഭീകരമായ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തുന്നതാണ്. മോദി സർക്കാരിന്‍റെ വികസനം എന്ന സങ്കൽപ്പത്തിന്‍റെ ദുഷിച്ച മുഖവും വെളിപ്പെട്ടു കഴിഞ്ഞു.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ധനമന്ത്രി നിർമാല സീതാരാമൻ ഉയർന്ന അവകാശവാദങ്ങളാണ് ഉന്നയിച്ചത്. രാജ്യത്തെ തൊഴിലാളികളും ദരിദ്ര ജനവിഭാഗങ്ങളും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളൊന്നും കേന്ദ്ര സർക്കാരിന്‍റെ നയരൂപീകരണത്തെ ബാധിക്കുന്ന ഘടകങ്ങളല്ലാ എന്ന് വ്യക്തമാണ്. ധനികനെ ധനികനാക്കുകയും ദരിദ്രനെ ദരിദ്രനാക്കുകയും ചെയ്യുന്ന ബജറ്റാണ് ഇന്ന് കേന്ദ്രം അവതരിപ്പിച്ചത്. ഇന്ന് അവതരിപ്പിച്ച ബജറ്റ് 2024 തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ വരുന്ന സർക്കാരിന്‍റെയും പാർലമെന്‍റിന്‍റെയും ഉത്തരവാദിത്തമായിരിക്കും.
രാഷ്‌ട്രപതി ദ്രൗപദി മുർമു നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലും തൊഴിലാളികളെ കുറിച്ച് ഒരു പരാമർശം പോലും ഇല്ലെന്നുള്ളതും ശ്രദ്ധേയമാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ പ്രസ്‌താവനയില്‍ വ്യക്തമാക്കി. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ആദായ നികുതി പരിധിയില്‍ അടക്കം പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടായില്ല. ബി ജെ പി സർക്കാരിന് മൂന്നാം ഊഴം ലഭിക്കുമെന്ന പ്രതീക്ഷയോടു കൂടിയാണ് നേട്ടങ്ങൾ ഈണമിട്ട പറഞ്ഞ് ആരംഭിച്ച ബജറ്റ് അവതരണം അവസാനിപ്പിച്ചത്.
പ്രധാനമന്ത്രിയും നരേന്ദ മോദിയും ധനമന്ത്രി നിർമല സീതാരാമനും പറഞ്ഞത് ഒരേ കാര്യം തന്നെയായിരുന്നു. നിലവിലെ സർക്കാർ അധികാരത്തിൽ തുടരുമെന്ന പ്രതീക്ഷ നിലനിർത്തി കൊണ്ടുതന്നെയായിരുന്നു ബജറ്റ് അവതരണം പൂർത്തിയാക്കിയത്. ബിജെപി സർക്കാരിന്‍റെ കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങളെ കുറിച്ചായിരുന്നു 58 മിനിട്ടു മാത്രം നീണ്ടുനിന്ന ബജറ്റ് അവതരണത്തിൽ പറഞ്ഞതിലേറെയും.
കാര്യമായ വളർച്ച ഇല്ലാതിരുന്നിട്ടും, വൻകിട ബിസിനസുകാർക്കും സമ്പന്നർക്കും സർക്കാരിന്‍റെ അനുകൂലം ലഭ്യമാക്കി. ഇടക്കാല ബജറ്റിൽ തൊഴിലാളികളുടെ വളർച്ചയിൽ പങ്കാളികളാകുന്നു എന്ന പറഞ്ഞ് അവരുടെ സാമൂഹ്യനീതിയ്ക്കായി പ്രധാന മന്ത്രി നരേന്ദ്ര മോദി നടത്തുന്ന പ്രചാരണത്തിന്‍റെ പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടപ്പെടുകയാണ്. ചുരുക്കം ചിലർക്ക് ലാഭം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഉപജീവനമാർഗത്തെ ചൂഷണം ചെയ്യുന്ന മോദി സർക്കാരിൻ്റെ വികസന മാതൃകയാണ് ഈ ബജറ്റ് മുന്നോട്ട് വയ്ക്കുന്നതെന്നും പോളിറ്റ് ബ്യൂറോ ആരോപിച്ചു.