ലഖ്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശില്‍ ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയായി. തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായും (എസ്‌പി) ഇന്ത്യാ സഖ്യത്തിലെ മറ്റ് കക്ഷികളുമായുമുള്ള സഖ്യത്തിന് അന്തിമരൂപം നൽകിയതായി ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോൺഗ്രസ് 17 ലോക്‌സഭ സീറ്റുകളിൽ മത്സരിക്കുമെന്നും ബാക്കി 63 സീറ്റുകളിൽ എസ്‌പിയും മറ്റ് സഖ്യകക്ഷികളും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു (INDIA Alliance Seat Sharing Finalised in UP).
കോൺഗ്രസ് മത്സരിക്കുന്ന 17 ലോക്‌സഭ സീറ്റുകൾ: വാരണാസി, അമേഠി, റായ്ബറേലി, സീതാപൂർ, ബരാബങ്കി, കാൺപൂർ നഗർ, സഹാറൻപൂർ, അംറോഹ, ഫത്തേപൂർ സിക്രി, മഹാരാജ്‌ഗഞ്ച്, ബൻസ്‌ഗാവ്, ബുലന്ദ്ഷഹർ, ഗാസിയാബാദ്, ജാൻസി, മഥുര, പ്രയാഗ്‌രാജ്, ഡിയോറിയ.
സഖ്യത്തിൻ്റെ ഭാഗമായി വാരാണസി, റായ്ബറേലി, അമേഠി, ഗാസിയാബാദ് എന്നീ 13 സീറ്റുകളിൽ കോൺഗ്രസിനെ മത്സരിപ്പിക്കാൻ എസ്‌പി സമ്മതിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ, എസ്‌പിക്ക് ഒരു സീറ്റ് നൽകി. സംസ്ഥാനത്തെ ബാക്കിയുള്ള എല്ലാ സീറ്റുകളിലും കോൺഗ്രസിനെ പിന്തുണച്ചതിന് പകരമായാണ് ഖജുരാഹോ സീറ്റ് നൽകിയത്.
പ്രിയങ്ക ഇടപെട്ടു: സഖ്യ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും എല്ലാം ശരിയായ രീതിയിൽ തന്നെയാണ് മുന്നോട്ടുപോകുന്നതെന്നും സമാജ്‌വാദി പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് നേരത്തെ പ്രതികരിച്ചിരുന്നു. കോൺഗ്രസ് എസ്‌പി തർക്കം പരിഹരിക്കാൻ പ്രിയങ്ക ഗാന്ധി സജീവമായി ഇടപെട്ടെന്നാണ് വിവരം. പ്രിയങ്ക അഖിലേഷ് യാദവുമായി സംസാരിക്കുകയും അതുവഴി പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കുകയുമായിരുന്നു. പ്രിയങ്ക ഗാന്ധിയും അഖിലേഷ് യാദവും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിന് ശേഷമാണ് സീതാപൂർ, ബരാബങ്കി സീറ്റുകൾ കോൺഗ്രസിന് നൽകാൻ എസ്‌പി സമ്മതിച്ചത്.
2022ലെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ അന്ന് എഐസിസി ജനറൽ സെക്രട്ടറിയായിരുന്ന പ്രിയങ്ക ഗാന്ധിയാണ് കോൺഗ്രസിനെ ഏകോപിപ്പിച്ചത്. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തീരെ മോശം പ്രകടനമാണ് കാഴ്‌ചവയ്‌ച്ചത്. തുടര്‍ന്നാണ് അവർക്ക് പകരം അവിനാഷ് പാണ്ഡെയ്‌ക്ക് സംസ്ഥാന ചുമതല നല്‍കിയത്.