ഷിംല: ഹിമാചൽ പ്രദേശ് രാഷ്ട്രീയത്തിൽ തുടരുന്ന രാഷ്ട്രീയ നാടകങ്ങൾക്കിടെ അപ്രതീക്ഷിത ട്വിസ്‌റ്റ്. ഇന്ന് (ബുധൻ) രാവിലെ രാജി പ്രഖ്യാപിച്ച മന്ത്രി വിക്രമാദിത്യ സിങ്ങ് വൈകിട്ടോടെ പ്ലേറ്റ് മാറ്റി രാജി പിൻവലിച്ചു. വിക്രമാദിത്യ സിങ്ങ് രാജി പിൻവലിച്ചതായി ഹിമാചൽ കോൺഗ്രസ് ഇൻചാർജ് രാജീവ് ശുക്ല മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു മനുഷ്യൻ അത്ര വലുതല്ല, എന്നാൽ സംഘടന വളരെ വലുതാണ്. സർക്കാരിന് ഒരു പ്രതിസന്ധിയുമില്ലെന്നും രാജ്യസഭാംഗമായ ശുക്ല കൂട്ടിച്ചേർത്തു.
കോൺഗ്രസ് തങ്ങളുടെ നിരീക്ഷകരായി ഹിമാചലിലേക്ക് അയച്ച കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, ഭൂപീന്ദര്‍ സിങ് ഹൂഡ, ഭൂപേഷ് ബഘേല്‍ എന്നിവരുമായി നടന്ന കൂടിക്കാഴ്‌ചയാണ് വിക്രമാദിത്യയുടെ രാജി പിൻവലിക്കാൻ പ്രേരകമായതെന്നാണ് റിപ്പോർട്ട്.
ഇന്ന് രാവിലെയാണ് വിക്രമാദിത്യ സിംഗ് മന്ത്രിസ്ഥാനം രാജി പ്രഖ്യാപിച്ചത്. രാജി പ്രഖ്യാപിക്കവേ മുൻ മുഖ്യമന്ത്രിയായിരുന്ന തൻ്റെ പിതാവ് വീരഭദ്രസിങ്ങിനെ ഓർത്ത് ഓർത്ത് വിക്രമാദിത്യ വികാരാധീനനായി പൊട്ടിക്കരഞ്ഞിരുന്നു. "ഞാൻ എൻ്റെ രാജിക്കത്ത് മുഖ്യമന്ത്രിക്കും ഗവർണർക്കും സമർപ്പിക്കുന്നു. ചില കോണുകളിൽ നിന്ന് എന്നെ അപമാനിക്കാനും തുരങ്കം വയ്ക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്, സംവരണം ഉണ്ടായിരുന്നിട്ടും ഞാൻ സർക്കാരിനെ പിന്തുണച്ചു." വിക്രമാദിത്യ രാവിലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.