ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. മഴക്കെടുതിയില്‍ ഇതുവരെ 28 മരണങ്ങളാണ് മേഖലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്‌തത്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വിവധ സംസ്ഥാനങ്ങളില്‍ വ്യാപക നാശനഷ്‌ടവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഹരിയാനയില്‍ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. മഴയുടെ പശ്ചാത്തലത്തില്‍ അമര്‍നാഥ് യാത്ര താത്കാലികമായി നിര്‍ത്തിവച്ചതായി ജമ്മു കശ്‌മിര്‍ ഭരണകൂടം അറിയിച്ചു. ഈ മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടർച്ചായായി മഴ പെയ്യുന്നുണ്ട്.
രാജസ്ഥാനില്‍ രണ്ട് ദിവസത്തിനിടെ 16 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. പഞ്ചാബിലെ ഹോഷിയാർപൂരിൽ ഇന്നലെ (11-08-2024) ഒരു കുടുംബത്തിലെ എട്ട് പേരടക്കം ഒരുവാഹനത്തിൽ യാത്ര ചെയ്‌തിരുന്ന ഒമ്പത് പേർ വാഹനത്തോടെ ഒഴുക്കുള്ള അരുവിയിൽ ഒലിച്ചുപോയി. ഇന്നലെ, വൈകുന്നേരം രോഹിണി സെക്‌ടറർ 20ലെ വെള്ളക്കെട്ടുള്ള പാർക്കിൽ 7 വയസുകാരൻ മുങ്ങി മരിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഗുരുഗ്രാമിൽ പകൽ സമയത്ത് 70 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. പൊലീസ് ലൈനുകൾ, ബസ് സ്റ്റാൻഡ് റോഡ്, ഷീറ്റ്‌ല മാതാ റോഡ്, നരസിങ്പൂർ സർവീസ് റോഡ്, ബസായി ചൗക്ക്, ഖണ്ഡ്‌സ, സഞ്ജയ് ഗ്രാം റോഡ്, സോഹ്‌ന റോഡ്, സുഭാഷ് ചൗക്ക് എന്നിവ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
മഴയിലും മണ്ണിടിച്ചിലിലും 280ല്‍ അധികം റോഡുകളാണ് ഹിമാചല്‍പ്രദേശില്‍ അടച്ചിരിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് പെണ്‍കുട്ടികളുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിലെ ജലൗണിൽ കനത്ത മഴയെ തുടർന്ന് കൊച്ച് പ്രദേശത്ത് വീടിൻ്റെ മേൽക്കൂര തകർന്ന് ഒരു സ്‌ത്രീയും ഏഴുവയസുള്ള മകനും മരിച്ചു.
രാജസ്ഥാനിലെ കരൗലിയിൽ അതിശക്തമായ മഴയും ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ്, അസം, പഞ്ചാബ്, ഹരിയാന, ബിഹാർ എന്നിവിടങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴ ലഭിച്ചതായി ഞായറാഴ്‌ച വൈകുന്നേരത്തെ ബുള്ളറ്റിനിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴ കരൗലിയിലും ഹിന്ദുവാനിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം സൃഷ്‌ടിച്ചതായി രാജസ്ഥാനിലെ ജയ്‌പൂരിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read : ദുരന്തമുഖത്ത് ഇന്നും വ്യാപക തെരച്ചില്‍; ദുരിതാശ്വാസ ക്യാമ്പുകളില്‍ സര്‍വേ