ന്യൂഡൽഹി : കടുത്ത ചൂടിന് ആശ്വാസമായി ഡല്‍ഹിയില്‍ മഴയെത്തി. ഇന്ന് (ജൂണ്‍ 27) പുലര്‍ച്ചെ മുതല്‍ ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്. വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
ഡൽഹി-എൻസിആറിലും സമീപ പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20-40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ ഡൽഹിയിലെ വസന്ത് കുഞ്ച് പ്രദേശത്ത് മഴയെ തുടര്‍ന്ന് മതില്‍ തകര്‍ന്നതായി ഡല്‍ഹി പൊലീസ് അറിയിച്ചു.
സംഭവത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ഈ ആഴ്‌ച അവസാനത്തോടെ ഡല്‍ഹിയില്‍ കാലവര്‍ഷം എത്തുമെന്ന് സ്വകാര്യ കാലാവസ്ഥ പ്രവചന ഏജൻസിയായ സ്കൈമെറ്റ് വെതർ സർവീസസ് അറിയിച്ചു. സാധാരണയായി ജൂണ്‍ 27നും 29നും ഇടയിലായാണ് ഡല്‍ഹിയില്‍ കാലവര്‍ഷം എത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 26നാണ് എത്തിയത്. അതേസമയം 2022ല്‍ ജൂണ്‍ 30നാണ് മണ്‍സൂണ്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.