ഭഗല്‍പൂര്‍: ബഹ്‌റെയ്‌ച് സംഭവത്തില്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. മുസ്‌ലീം വോട്ടുകള്‍ നഷ്‌ടമാകാതിരിക്കാനാണ് സംഭവത്തില്‍ അഖിലേഷ് മൗനം പാലിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അദ്ദേഹത്തിന്‍റെ ഹിന്ദുത്വ വിരുദ്ധ ജനിതക ഘടനയാണ് നിലപാട് വ്യക്തമാക്കുന്നതെന്ന ആരോപണവും ഗിരിരാജ് ഉയര്‍ത്തി.
1990ല്‍ കര്‍സേവകരെ വെടിവയ്ക്കാന്‍ ഉത്തരവിട്ട വ്യക്തിയാണ് അദ്ദേഹത്തിന്‍റെ പിതാവും ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ബ്ലോക്കിലെ മറ്റ് കക്ഷികള്‍ക്കെതിരെയും കേന്ദ്രമന്ത്രി ആരോപണങ്ങളുയര്‍ത്തി. തേജസ്വി യാദവും രാഹുല്‍ ഗാന്ധിയും ബഹ്റെയ്‌ച് സംഭവത്തില്‍ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
മുസ്ലീം വോട്ടുകള്‍ തന്നെയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇത്തരം കുറ്റവാളികള്‍ ഇത് അര്‍ഹിക്കുന്നുവെന്ന് ബഹ്‌റെയ്‌ച് ഏറ്റുമുട്ടലിനെക്കുറിച്ച് ഗിരിരാജ് സിങ് പറഞ്ഞു. ഇനി അഖിലേഷ് യാദവ് അവരെ ഹാരമണിയിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ആര്‍ജെഡിയുടെ സംവാദ് യാത്ര നടത്തിയതിന് പിന്നാലെ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ഹിന്ദു സ്വാഭിമാന്‍ യാത്രയ്ക്കും ഇന്ന് തുടക്കം കുറിച്ചു. യാത്രയ്ക്ക് മുമ്പ് ബിഹാറിലെ ഭഗല്‍പൂരിലുള്ള വൃദ്ധിശ്വേര്‍ നാഥ് ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തി. താന്‍ ഹിന്ദുവായാണ് ജനിച്ചത്. ഹിന്ദുവായി തന്നെ മരിക്കും. മരിക്കും മുമ്പ് ഹിന്ദുക്കളെ ഒന്നിപ്പിക്കണമെന്നതാണ് തന്‍റെ ലക്ഷ്യം.
ഇതിനിടെ ബഹ്‌റെയ്‌ച് സംഘര്‍ഷത്തിലെ രണ്ട് പ്രതികളെ പ്രവേശിപ്പിച്ചിരിക്കുന്നതിനാല്‍ ജില്ലാ ആശുപത്രിയില്‍ സുരക്ഷ കര്‍ശനമാക്കി. ഉത്തര്‍പ്രദേശ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ക്ക് പരിക്കേറ്റത്. ഒക്‌ടോബര്‍ പതിനേഴിന് രണ്ട് പ്രതികളായ സര്‍ഫറാസ്, മുഹമ്മദ് താലിബ് എന്നിവര്‍ക്ക് ഉത്തര്‍പ്രദേശ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കാലില്‍ വെടിയേറ്റിരുന്നു. നേപ്പാളിലേക്ക് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്.
ബഹ്റെയ്‌ച് സംഘര്‍ഷത്തില്‍ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്‌തെന്ന് ഉത്തര്‍പ്രദേശ് പ്രത്യേക കര്‍മ്മസേനയിലെ അഡീഷണല്‍ അഡീഷണല്‍ ഡയറക്‌ടര്‍ ജനറല്‍ അമിതാഭ് യാഷ് പറഞ്ഞു. ഏറ്റുമുട്ടലില്‍ ആരും മരിച്ചില്ലെന്നും പരിക്കേറ്റവരെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ ബഹ്റെയ്‌ച് ജില്ലയിലുള്ള മഹസി മേഖലയില്‍ ഒക്‌ടോബര്‍ 13-ന് ദുര്‍ഗാ ബിംബ നിമജ്ജന ഘോഷയാത്രയ്ക്കിടെ രണ്ട് സമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രാം ഗോപാല്‍ മിശ്ര എന്നൊരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.