മുംബൈ : മുംബൈയിലെ ഘാട്‌കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡുകൾ തകർന്ന് 16 പേർ മരിക്കുകയും 74 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ പ്രതി ഭവേഷ് ഭിൻഡെയെ അറസ്‌റ്റ് ചെയ്‌തു. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഇന്ന് പുലർച്ചെ 5.30 ഓടെ ഇൻഡിഗോ വിമാനത്തിൽ മുംബൈയിലെത്തിച്ചു. ഇന്നലെ (മെയ് 16) ഉദയ്‌പൂരിൽ നിന്നാണ് ഭവേഷ് ഭിൻഡെയെ മുംബൈ പൊലീസിന്‍റെ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തത്.
ഉദയ്‌പൂരിലെ റിസോർട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഭവേഷ്. ആ റിസോർട്ടിൽ നിന്നാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തിരിക്കുന്നത്. ഭവേഷ് ഭിൻഡെയെ ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഉച്ചയ്ക്ക് ശേഷം വിക്രോളി കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ശിക്ഷനിയമം 304, 338, 337, 34 വകുപ്പുകൾ പ്രകാരം തിങ്കളാഴ്‌ച (മെയ് 13) രാത്രി പന്ത്‌നഗർ പൊലീസ് സ്‌റ്റേഷനിൽ പരസ്യ ബോര്‍ഡ് സ്ഥാപിച്ച കമ്പനി ഉടമ ഭവേഷ് ഭിൻഡെയ്‌ക്കെതിരെ കേസെടുത്തതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പുരുഷോത്തം കരാഡ് അറിയിച്ചു.
2024 ജനുവരിയിൽ മുലുന്ദ് പൊലീസ് സ്‌റ്റേഷനിൽ ഭവേഷ് ഭിൻഡെയ്‌ക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്ന് ഉദ്യോസ്ഥർ പറഞ്ഞു. പരസ്യ ബോർഡുകൾ തകർന്ന് ആളുകൾ മരിച്ച സംഭവത്തിൽ ഭവേഷ് ഭിൻഡെക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനും ഇയാൾക്കെതിരെ നിരവധി എഫ്ഐആറുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. 2009 ൽ മുലുന്ദിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച വ്യക്തിയാണ് ഭവേഷ് ഭിൻഡെ. 2009 ൽ റെയിൽവേ പൊലീസ് തനിക്കെതിരെ 23 കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്ന് ഭവേഷ് ഭിൻഡെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.
താൻ പത്താം ക്ലാസ് പാസാണെന്നും തനിക്ക് രണ്ട് കോടി രൂപയുടെ ആസ്‌തിയുണ്ടെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അന്ന് നിയമസഭ തെരഞ്ഞെടുപ്പിൽ 1441 വോട്ടുകളാണ് ഭിൻഡെയ്ക്ക് ലഭിച്ചത്. പരസ്യ ബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവത്തിൽ ഈഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഡയറക്‌ടർ ഭവേഷ് ഭിൻഡെയ്‌ക്കൊപ്പം മറ്റ് മൂന്ന് പേർക്കെതിരെയും പന്ത്‌നഗർ പൊലീസ് സ്‌റ്റേഷനിൽ സെക്ഷൻ 304 പ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
നേരത്തെ ഗുജു ആഡ്‌സ് എന്ന കമ്പനി നടത്തിയിരുന്ന സമയത്ത് ഭിൻഡെയ്‌ക്കെതിരെയും കമ്പനിയ്‌ക്കെതിരെയും നിരവധി കേസുകൾ രജിസ്‌റ്റർ ചെയ്‌തതിനെ തുടർന്ന് മുനിസിപ്പൽ കോർപ്പറേഷൻ ഭിൻഡെയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഭവേഷ് ഭിൻഡെയ്‌ക്കെതിരെ നേരത്തെ ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ടെന്ന് മുലുന്ദ് സീനിയർ പൊലീസ് ഇൻസ്‌പെക്‌ടർ അജയ് ജോഷി പറഞ്ഞു. എന്നാൽ മുംബൈ ഹൈക്കോടതി ഭിൻഡെയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. ഈ കേസിൽ മുലുന്ദ് പൊലീസ് നേരത്തെ തന്നെ കുറ്റപത്രം സമർപ്പിച്ചിരുന്നു. കൂടാതെ അനധികൃതമായി മരം മുറിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ALSO READ : മുംബൈയിൽ പരസ്യബോർഡ് തകർന്നുണ്ടായ അപകടം: മരണസംഖ്യ 14 ആയി, ഉടമയ്‌ക്കെതിരെ കേസെടുത്തു