ചണ്ഡീഗഢ് : ഹരിയാനയിലെ ഇന്ത്യന്‍ നഷണല്‍ ലോക്‌ദള്‍ (ഐന്‍എല്‍ഡി) അധ്യക്ഷന്‍ നഫെ സിങ് റാത്തേയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അന്താരാഷ്‌ട്ര കുറ്റവാളി നന്ദു. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘമാണ് നന്ദുവിന്‍റേത്. നന്ദുവിന്‍റെ എതിരാളിയായ മഞ്ജീത് മഹല്‍ സംഘത്തിന്‍റെ ഒത്താശയോടെ റാത്തേ ഭൂമി കൈയേറിയെന്ന് ആരോപിച്ചാണ് കൊലപാതകം.
'@kapilnandu4i5w' എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിന്‍ നിന്നാണ് നന്ദു എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന കപിൽ സാങ്‌വാൻ കൊലപാതകത്തിന്‍റെ ചുമതല ഏറ്റെടുത്തത്. 'ഞാനാണ് നഫേ സിങ് റാത്തേയെ കൊല്ലാൻ ഉത്തരവിട്ടത്. എന്‍റെ എതിരാളിയായ മഞ്ജീത് മഹലും അയാളും തമ്മിലുള്ള സൗഹൃദമാണ് കൊലയ്ക്ക് പിന്നിലെ കാരണം.' പോസ്റ്റില്‍ പറയുന്നു. മൻജീത് മഹലിനൊപ്പം നഫെ സിങ് റാത്തേ നില്‍ക്കുന്ന ഒരു ഫോട്ടോയും നന്ദു പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. ഫെബ്രുവരി 25 ന് ആണ് നഫെ സിങ് റാത്തിയെ അജ്ഞാതര്‍ വെടിവച്ച് കൊല്ലുന്നത്. ഹരിയാനയിലെ ജജ്ജാര്‍ ജില്ലയിലെ ബഹദൂര്‍ഗഡില്‍ വെച്ചായിരുന്നു സംഭവം.
'ഈ ഞായറാഴ്‌ച, ഫെബ്രുവരി 25ന് നഫേ സിങ് റാത്തേ കൊല്ലപ്പെട്ടു, അത് ചെയ്‌തത് ഞാനാണ്. ഇതിന് കാരണം നഫേ സിങ് റാത്തേയും മഞ്ജീത് മഹലും തമ്മിലുള്ള സൗഹൃദമാണ്. എന്‍റെ ശത്രുക്കളുമായി കൈ കോർക്കുന്നവരെ ഇതേ വിധിയാണ് കാത്തിരിക്കുന്നത്. എന്‍റെ ശത്രുക്കളുടെ ശത്രുക്കളെ ഞാൻ പിന്തുണയ്ക്കും. 50 വെടിയുണ്ടകൾ അവരെ കാത്തിരിക്കുന്നുണ്ടാകും. നഫേ സിങ് റാത്തേ അധികാരം ഉപയോഗിച്ച് പലരെയും കൊല്ലുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്‌തിട്ടുണ്ട്. ബഹദൂർഗഡിന് മുഴുവനും ഇക്കാര്യം അറിയാം'-നന്ദുവിന്‍റെ പോസ്റ്റിൽ പറയുന്നു. ഹിന്ദിയിലാണ് പോസ്റ്റ്.
ആരാണ് നന്ദു എന്ന കപില്‍ സാങ്‌വാന്‍:
കൊലപാതകം ഉൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതിയായ നന്ദു, ഡൽഹി പൊലീസ് തിരയുന്ന കൊടും കുറ്റവാളിയാണ്. 2019ൽ ഒരു മാസത്തെ പരോളിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ പരോൾ കാലാവധി കഴിഞ്ഞ് കീഴടങ്ങാതെ മുങ്ങുകയായിരുന്നു.
പൊലീസ് തെരച്ചില്‍ ആരംഭിച്ചെങ്കിലും വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ഇയാള്‍ തായ്‌ലൻഡിലേക്ക് കടന്നുകളഞ്ഞു. പിന്നീട് ഇവിടെ നിന്ന് ബ്രിട്ടനിലേക്ക് കടക്കുകയായിരുന്നു.നിലവില്‍ യുകെയിൽ ഒളിവില്‍ കഴിയുകയാണ് നന്ദു.
Also Read: ഐഎന്‍എല്‍ഡി അധ്യക്ഷൻ നഫെ സിങ് റാത്തേയുടെ കൊലപാതകം; സിബിഐ അന്വേഷിക്കുമെന്ന് ഹരിയാന സര്‍ക്കാര്‍