ഹൈദരാബാദ്: സൈബർ ക്രിമിനലുകൾക്ക് സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും നൽകുന്ന സംഘത്തെ പിടികൂടി തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോ. സംഘവുമായി ബന്ധമുള്ള മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌ത് വരികയാണ്. ഈ കേസിൽ പ്രധാന പ്രതിയെന്ന് കരുതുന്ന ദുബായിൽ ഒളിവിൽ കഴിയുന്ന വ്യക്തിക്കായി തെരച്ചിൽ തുടരുകയാണ്.
"പ്രതികൾ സംഘം ചേർന്ന് സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ കാർഡുകളും മോഷ്‌ടിക്കുകയും അതിനോടൊപ്പം സിം കാർഡുകൾ ശേഖരിക്കുകയും ചെയ്യുന്നു. ആ പേരുകളിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുകയും സൈബർ കുറ്റവാളികൾക്ക് വിൽക്കുകയുമാണ് ചെയ്യുന്നത്"- സൈബർ സെക്യൂരിറ്റി ബ്യൂറോ ഡയറക്‌ടർ ശിഖ ഗോയൽ പറഞ്ഞു.
സംഘാംഗങ്ങളായ ജീഡിമെറ്റ്ല ചിന്താലിലെ കെ നവീൻ (22), ജഗദ്ഗിരിഗുട്ടയിലെ ഷെയ്ഖ് സുബ്ഹാനി (26), ആർടിസി ക്രോസ്റോഡിലെ എം പ്രേംകുമാർ എന്ന മൈക്കിൾ (24) എന്നിവരെ ബുധനാഴ്‌ചയാണ് സൈബർ സെക്യൂരിറ്റി ബ്യൂറോ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തത്. ഇവരിൽ നിന്ന് 113 സിം കാർഡുകളും മൂന്ന് ഫോണുകളും പിടിച്ചെടുത്തു.
ദുബായിൽ താമസിക്കുന്ന വിജയ് എന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് ടെലിഗ്രാം ആപ്പിൽ പ്രത്യേക ഗ്രൂപ്പുകൾ രൂപീകരിച്ച് അനധികൃത സിം കാർഡ് വിൽക്കുന്നത്. ഇത്തരത്തിൽ വാങ്ങുന്ന സിം കാർഡുകളിൽ ചിലത് തായ്‌ലാൻഡിലേക്കും കംബോഡിയയിലേക്കും കടത്തുന്നുണ്ടെന്നാണ് വിവരം. സംഘത്തിലെ മറ്റുള്ളവർക്കായി തെരച്ചിൽ നടത്തുകയാണെന്ന് ശിഖ ഗോയൽ പറഞ്ഞു.