ചെന്നൈ: തമിഴ് ചലച്ചിത്ര സംവിധായകൻ മോഹൻ ജി അറസ്‌റ്റിൽ. പഴനി ക്ഷേത്രത്തിലെ പ്രസാധമായ പഞ്ചാമൃതത്തെ കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയതിനാണ് മോഹനെ ട്രിച്ചി സൈബർ ക്രൈം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ചെന്നൈയിൽ വച്ച് അറസ്‌റ്റ് ചെയ്‌ത മോഹൻ ജിയെ ട്രിച്ചിയിലേക്ക് കൊണ്ടുവരുമെന്ന് ട്രിച്ചി ജില്ല എസ്‌പി വരുൺ കുമാർ അറിയിച്ചു.
അടുത്തിടെ പഴനിയിലെ പഞ്ചാമൃതം സംബന്ധിച്ച് മോഹൻ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. തിരുമല തിരുപ്പതിയിൽ ഭക്തർക്ക് പ്രസാദമായി നൽകുന്ന ലഡുവില്‍ മൃഗ കൊഴുപ്പ് കലര്‍ന്നിട്ടുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രമായ പഴനി മുരുകന്‍ ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തില്‍ ഗർഭനിരോധന ഗുളികകൾ കലർത്തിയെന്ന അഭ്യൂഹങ്ങൾ താൻ കേട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞത്.
ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പരാതി ഉയര്‍ന്നിരുന്നു. തുടർന്ന് സമയപുരം മാരിയമ്മൻ ക്ഷേത്രത്തിലെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്‍റ് ഡിപ്പാർട്ട്‌മെന്‍റ് മാനേജർ കവിയരസു നൽകിയ പരാതിയിലാണ് അറസ്‌റ്റ് ചെയ്‌തതെന്ന് ട്രിച്ചി ജില്ല പൊലീസിന്‍റെ പത്രക്കുറിപ്പിൽ പറയുന്നു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച മോഹൻ്റെ അഭിമുഖത്തിൽ മതസൗഹാർദത്തിന് കോട്ടം തട്ടുന്ന തരത്തിലുള്ള പ്രസ്‌താവനകൾ ഉണ്ടെന്നായിരുന്നു പരാതി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം ഡിഎംകെ അധികാരത്തിലെത്തിയ ശേഷം വിമതരെ അറസ്‌റ്റ് ചെയ്യുന്നത് സാധാരണമായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അശ്വത്ഥാമൻ അല്ലിമുത്തു എക്‌സിൽ കുറിച്ചു. തമിഴ് ചലച്ചിത്ര സംവിധായകനെ മുൻകൂർ അറിയിപ്പ് കൂടാതെയാണ് അറസ്‌റ്റ് ചെയ്‌തതെന്ന് അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് കടത്ത് പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
പിഎംകെ സ്ഥാപകൻ ഡോ രാമദോസും മോഹന്‍റെ അറസ്‌റ്റിനെതിരെ പ്രതികരിച്ചിരുന്നു. എന്തിനാണ് അറസ്‌റ്റ് ചെയ്‌തതെന്നും എന്ത് കാരണത്താലാണ് അറസ്‌റ്റ് ചെയ്‌തതെന്നും അദ്ദേഹം ചോദിച്ചു. മോഹൻ്റെ പ്രസ്‌താവനകൾ പൊതുതാത്‌പര്യമാണെന്നും അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യുന്നത് അന്യായമാണെന്നും അദ്ദേഹം വാദിച്ചു. മോഹനനെ ഉടൻ മോചിപ്പിക്കണമെന്ന് രാമദാസ് ആവശ്യപ്പെട്ടു. 'പഴയ വണ്ണാരപ്പേട്ടൈ', 'ദ്രൗപതി', 'താണ്ഡവം' തുടങ്ങി നിരവധി തമിഴ് ചലച്ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് മോഹന്‍ ജി.
Also Read: തിരുപ്പതി ലഡു വിവാദം: ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണും നടൻ പ്രകാശ് രാജും തമ്മിൽ വാക്പോര്