ഹൈദരാബാദ്: മാതാവിനൊപ്പം ബംഗ്ലാദേശിലുള്ള തന്‍റെ മകനെ തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടി ആവശ്യപ്പെട്ട് പിതാവ് രംഗത്ത്. തന്‍റെ ഭാര്യ മറ്റൊരാളെ വിവാഹം ചെയ്‌ത് ബംഗ്ലാദേശിലേക്ക് പോയെന്നും മകനെയും അവര്‍ ഒപ്പം കൊണ്ടു പോയെന്നുമാണ് ഇദ്ദേഹം പറയുന്നത്. തെലങ്കാനയിലെ വിക്രബാദ് ജില്ലയിലെ ചൗധാപൂര്‍മണ്ഡലത്തിലുള്ള ലിംഗാപ്പൂര്‍ ഗ്രാമവാസിയായ മഗനി തിരുപ്പതിയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
മുംബൈയില്‍ നിര്‍മ്മാണത്തൊഴിലാളിയായി ജോലി ചെയ്യുകയാണ് ഇയാള്‍. 2016 ല്‍ റിയ എന്ന യുവതിയെ പരിചയപ്പെടുകയും അവരുമായി പ്രണയത്തിലാകുകയും പിന്നീട് ഇവരെ വിവാഹം കഴിക്കുകയും ചെയ്‌തു. 2017 ല്‍ ഇവര്‍ക്ക് ഒരു മകനുണ്ടായി. പിന്നീട് തിരുപ്പതി ജോലിക്കായി സ്വന്തം നാട്ടിലേക്ക് വന്നു. ഈ സമയത്ത് റിയ മറ്റൊരാളെ വിവാഹം കഴിച്ചു. ഇക്കാര്യം അറിഞ്ഞ തിരുപ്പതി മുംബൈയിലെത്തി. മകനെ കൊണ്ടുപൊയ്ക്കൊള്ളാന്‍ അവര്‍ പറഞ്ഞതനുസരിച്ച് തിരുപ്പതി മകനെ ഒപ്പം കൂട്ടി ഹൈദരാബാദിലെ ബാലാപ്പൂരില്‍ ഒരു സര്‍ക്കാര്‍ വിദ്യാലയത്തില്‍ ചേര്‍ക്കുകയും ചെയ്‌തു.
2022 ല്‍ റിയ തിരുപ്പതിയെ വിളിച്ച് തനിക്ക് മകനെ ഒന്ന് കാണണമെന്ന് ആവശ്യപ്പെട്ടു. അത് പ്രകാരം മകനുമായി മുംബൈയിലെത്തിയ തിരുപ്പതിയെ റിയയുടെ ഭര്‍ത്താവും മറ്റ് ചിലരും ചേര്‍ന്ന് ആക്രമിച്ചു. പിന്നീട് അഞ്ചുവയസുകാരനായ മകനുമായി റിയ അപ്രത്യക്ഷയായി. പൊലീസില്‍ പരാതിപ്പെട്ടെങ്കിലും മകനെ കണ്ടെത്താനായില്ല.
പരിചയക്കാരില്‍ നിന്ന് റിയ ബംഗ്ലാദേശിലെ ജെസോറിലുണ്ടെന്നും മകന്‍ അവര്‍ക്കൊപ്പമുണ്ടെന്നും അറിഞ്ഞു. റിയയുടെ സഹോദരീ ഭര്‍ത്താവ് ഷാഫി വഴി മകനെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമിച്ചു. ഇതിനായി പലതവണ ഷാഫി തിരുപ്പതിയില്‍ നിന്ന് പണം വാങ്ങി. അടുത്തിടെയും ഒരു ലക്ഷം രൂപ അയാള്‍ കൈക്കലാക്കിയെന്ന് തിരുപ്പതി പറഞ്ഞു.
ഇനിയും മൂന്നര ലക്ഷം രൂപ കൂടി നല്‍കണമെന്നും തിരുപ്പതി ബംഗ്ലാദേശ് അതിര്‍ത്തിയിലേക്ക് വന്നാല്‍ കുഞ്ഞിനെ കൈമാറാമെന്നും അയാള്‍ പറഞ്ഞു. ഇതിന്‍ പ്രകാരം തിരുപ്പതി എത്തിയെങ്കിലും അയാള്‍ കുട്ടിയെ കാട്ടിയില്ല. പ്രശ്‌നം അടുത്തിടെ കേന്ദ്രമന്ത്രി ബണ്ടി സഞ്ജയുമായി കരിംനഗറില്‍ വച്ച് ചര്‍ച്ച ചെയ്‌തെന്നും മകനെ തിരികെയെത്തിക്കാന്‍ സഹായിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്നും ഇദ്ദേഹം പറയുന്നു.