ചണ്ഡീഗഡ്: കർഷക സംഘടനകളുടെ 'ഡൽഹി ചലോ' മാർച്ചിനെ തുടർന്ന് പഞ്ചാബില്‍ ഇൻ്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം ഫെബ്രുവരി 24 വരെ നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവനുസരിച്ചാണ് പട്യാല, സംഗ്രൂർ, ഫത്തേഗഡ് സാഹിബ് എന്നിവയുൾപ്പെടെ ചില പ്രദേശങ്ങളിൽ ഇന്‍റർനെറ്റ് സേവനങ്ങളുടെ നിരോധനം നീട്ടിയത്. കർഷക പ്രതിഷേധം കണക്കിലെടുത്ത് ഫെബ്രുവരി 12 മുതൽ 16 വരെ ഇൻ്റർനെറ്റ് സേവനങ്ങൾ നേരത്തെ നിർത്തിവെച്ചിരുന്നു.
മന്ത്രാലയത്തിന്‍റെ ഫെബ്രുവരി 16 ലെ ഉത്തരവ് പ്രകാരം പട്യാലയിലെ ശംഭു, ജുൽക്കൻ, പാസിയാൻ, പത്രാൻ, ഷത്രാന, സമാന, ഘനൗർ, ദേവിഗഢ്, പട്യാലയിലെ ബൽഭേര പോലീസ് സ്റ്റേഷനുകൾ, മൊഹാലിയിലെ ലാൽരു പൊലീസ് സ്റ്റേഷൻ, ബതിൻഡയിലെ സംഗത് പൊലീസ് സ്റ്റേഷൻ; മുക്ത്സറിലെ കിലിയൻവാലി പൊലീസ് സ്റ്റേഷൻ, മാൻസയിലെ സർദുൽഗഡ്, ബോഹ പൊലീസ് സ്റ്റേഷനുകൾ, സംഗ്രൂരിലെ ഖനൗരി, മൂനാക്, ലെഹ്‌റ, സുനം, ചാജ്‌ലി എന്നീ പൊലീസ് സ്റ്റേഷനുകൾ, ഫത്തേഗഡ് സാഹിബ് പൊലീസ് സ്റ്റേഷന്‍റെ കീഴിലുള്ള പ്രദേശങ്ങളിലും ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കും.
പഞ്ചാബിലെ ഈ പ്രദേശങ്ങളിൽ ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ 1885 ലെ ടെലിഗ്രാഫ് നിയമപ്രകാരം കേന്ദ്രം പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ചു. 'ഇന്ത്യൻ ടെലിഗ്രാഫ് ആക്‌ട് 1885 ലെ സെക്ഷൻ 7 നൽകുന്ന അധികാരം വിനിയോഗിച്ച്, 2017 ലെ ടെലികോം സേവനങ്ങളുടെ താൽക്കാലിക സസ്പെൻഷൻ നിയമങ്ങള്‍ പ്രകാരം അടിയന്തരാവസ്ഥ ഒഴിവാക്കുന്നതിന്, 2024 ഫെബ്രുവരി 17 മുതൽ 24 വരെ ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിടേണ്ടത് ആവശ്യവും ഉചിതവുമാണെന്ന് ഉത്തരവിൽ പറയുന്നു.
ഫെബ്രുവരി 15 ന് ചണ്ഡിഗഡിൽ മൂന്ന് കേന്ദ്രമന്ത്രിമാരും കർഷക നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിൽ, തെരഞ്ഞെടുത്ത പ്രദേശങ്ങളിലെ ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചതുമായി ബന്ധപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വിഷയം ഉന്നയിച്ചിരുന്നു. അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ ജില്ലകളിലെ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങളും എസ്എംഎസുകളും ഹരിയാന സർക്കാർ താൽക്കാലികമായി നിർത്തിവെച്ചു.
സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്‌ദൂർ മോർച്ചയും ചേർന്നാണ് 'ഡൽഹി ചലോ' പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്. വിളകൾക്ക് മിനിമം താങ്ങുവില സംബന്ധിച്ച നിയമം, വായ്‌പ എഴുതിത്തള്ളൽ എന്നിവ ഉൾപ്പെടെയുള്ള തങ്ങളുടെ ആവശ്യങ്ങളിൽ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നതിനായാണ് സമരം. പഞ്ചാബിൽ നിന്നുള്ള കർഷകർ ചൊവ്വാഴ്‌ച (ഫെബ്രുവരി 13) 'ഡൽഹി ചലോ' മാർച്ച് ആരംഭിച്ചെങ്കിലും പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിർത്തികളിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. കർഷകർ അന്നുമുതൽ അതിർത്തി കേന്ദ്രങ്ങളിൽ ക്യാമ്പ് ചെയ്യുകയായിരുന്നു.