ഹരിയാന : പഞ്ചാബിലെയും ഹരിയാനയിലെയും ശംഭു, ഖാനൂരി അതിർത്തികളില്‍ കർഷക സംഘടനകൾ പ്രതിഷേധം തുടരുകയാണ്. ഡൽഹി മാർച്ച് സംബന്ധിച്ച പ്രഖ്യാപനം ഫെബ്രുവരി 29ന് ഉണ്ടായേക്കും. ചൊവ്വാഴ്‌ച കർഷക നേതാക്കൾ അതത് സംഘടനകളുമായി നടത്തിയ ചർച്ചയ്‌ക്കുപിന്നാലെ ഇന്ന് സംയുക്ത യോഗം ചേരും.
ശേഷം, പ്രക്ഷോഭത്തില്‍ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച മറ്റ് സംഘടനകളുടെ നേതാക്കളുമായി ചർച്ച നടത്തുമെന്ന് സമരത്തിന് നേതൃത്വം നൽകുന്ന സർവൻ പന്ദറും ജഗ്‌ജിത് ദല്ലേവാളും അറിയിച്ചു. ഫെബ്രുവരി 29ന്, അടുത്ത ഘട്ടം സമരത്തെക്കുറിച്ച് പ്രഖ്യാപനം നടത്തും.
ഹരിയാനയിലെ 7 ജില്ലകളിൽ സർക്കാർ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചിരുന്നു. ഹിസാർ, കൈതാൽ, ജിന്ദ്, ഫത്തേഹാബാദ്, കുരുക്ഷേത്ര, അംബാല, സിർസ ജില്ലകളിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. എന്നാൽ, ഫെബ്രുവരി 24 ന് രാത്രിയോടെ നിരോധനം നീക്കിയിരുന്നു.
കഴിഞ്ഞ ദിവസം ഖനൂരി അതിർത്തിയിൽ, പ്രക്ഷോഭത്തിന്‍റെ 15-ാം ദിവസത്തിൽ 50 വയസുള്ള മറ്റൊരു കർഷകൻ കൂടി മരണത്തിന് കീഴടങ്ങി. പട്യാലയിലെ റാണോ നിവാസിയായ കർണയിൽ സിങ്ങാണ് മരിച്ചത്. സമരത്തിലായിരുന്ന 50 കാരന്‍റെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടർന്ന് പട്യാലയിലെ രജീന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് കര്‍ണയില്‍ സിങ് മരിച്ചത്.
സമരത്തില്‍ കർഷകരും പൊലീസുകാരും അടക്കം 8 പേരാണ് ഇതുവരെ മരിച്ചത്. ഗ്യാൻ സിങ് (65), മഞ്ജിത് സിങ് (72), ശുഭ്‌കരണ്‍ സിങ് (21), ദർശൻ സിങ് (62), കർണയിൽ സിംഗ് (50) എന്നിവരെ കൂടാതെ, എസ്ഐ ഹിരാലാൽ (58), എസ്ഐ കൗശൽ കുമാർ (56), എസ്ഐ വിജയ് കുമാർ (40) എന്നിവര്‍ക്കും ജീവഹാനിയുണ്ടായി.