ചണ്ഡീഗഢ്: പഞ്ചാബ് അതിര്‍ത്തിയായ ശംഭു ബോർഡർ മോർച്ചയിൽ ഒരു കര്‍ഷകന് കൂടി ദാരുണാന്ത്യം. പഞ്ചാബിലെ താൺ തരണ്‍ സ്വദേശിയായ ഗുർദിത് സിങ്ങിൻ്റെ മകൻ ജസ്വന്ത് സിങ്ങാണ് മരിച്ചത്. സമരത്തില്‍ പങ്കെടുക്കുന്നതിനിടെ ആരോഗ്യ സ്ഥിതി വഷളായ ജസ്വന്ത് സിങ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ രാജ്‌പുര സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കിസാൻ മസ്‌ദൂർ മോർച്ചയുടെ (കെഎംഎം) കോർഡിനേറ്റർ സർവാൻ സിങ് പന്ദേർ കർഷകന്‍റെ മരണം സ്ഥിരീകരിച്ചു. മൃതദേഹം രാജ്‌പുര സിവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാല് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ കർഷക മരണമാണിത്.
ഭാരതീയ കിസാൻ മസ്‌ദൂർ സംഘർഷ് കമ്മിറ്റി അംഗമായിരുന്നു മരിച്ച ജസ്വന്ത് സിങ്. അതേസമയം കർഷകർ തങ്ങളുടെ ആവശ്യങ്ങൾക്കായി നിരന്തരം സമരം ചെയ്യുന്നുണ്ടെങ്കിലും സർക്കാർ അവരെ പിന്തുണക്കുന്നില്ലെന്ന് കർഷക നേതാവ് ലീല പ്രതികരിച്ചു. ഡൽഹി സമരത്തിൽ 750 ലധികം കർഷകർ രക്തസാക്ഷിത്വം വരിച്ചു. രണ്ടാം കർഷക സമരത്തിലും ഇതേ സ്ഥിതി തുടരുകയാണ്. രണ്ടാം സമരത്തില്‍ 20 കർഷകർ മരിച്ചിട്ടുണ്ടെന്നും ലീല പറഞ്ഞു.
ഒരു കർഷക ഉൾപ്പടെ 3 പേരാണ് കഴിഞ്ഞ നാല് ദിവസത്തിനിടെ മരിച്ചത്. മെയ് 4ന് രാജ്‌പുരയിലെ സെഹ്‌റ ഗ്രാമത്തിൽ ബിജെപി സ്ഥാനാർഥി പ്രണീത് കൗറിനെതിരായ ധർണക്കിടെ സുരീന്ദർപാൽ സിങ് (65) എന്ന കർഷകൻ മരിച്ചിരുന്നു. കൂടാതെ ഞായറാഴ്‌ച (മെയ് 5) ശംഭു റെയിൽവേ സ്റ്റേഷനിൽ നടന്ന ‘റെയിൽ റോക്കോ’ ധർണക്കിടെ താൺ തരണിലെ കർഷകന്‍ ബൽവീന്ദർ കൗറിനും ജീവൻ നഷ്‌ടമായി. ഇതാണ് അവസാനം റിപ്പോര്‍ട്ട് ചെയ്‌ത മരണങ്ങള്‍. ഇതിന് പിന്നാലെയാണ് വീണ്ടും അതിര്‍ത്തിയില്‍ കര്‍ഷകന്‍റെ ജീവന്‍ പൊലിഞ്ഞത്.
മരിച്ച കർഷകൻ ജസ്വന്ത് സിങ്ങിന്‍റെ കുടുംബത്തെ മരണ വിവരം അറിയിച്ചിട്ടുണ്ട്. താണ്‍ തരണ്‍ സ്വദേശിയായ ബല്‍വീന്ദര്‍ കൗറാണ് ജസ്വന്തിന്‍റെ ഭാര്യ. രഞ്ജോദ് സിങ്, സതീന്ദർ കൗർ, സിമ്രൻജിത് കൗർ എന്നിവരാണ് മക്കള്‍.