ന്യൂഡൽഹി/ മുംബൈ: ഇന്ത്യൻ കമ്പനികളുടെ വിമാനങ്ങൾക്ക് തുടർച്ചയായി ബോംബ് ഭീഷണി ഉണ്ടാവുന്ന സാഹചര്യം കണക്കിലെടുത്ത് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) അധികൃതർ വിവിധ എയർലൈൻസ് പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തി. എയർലൈൻസ് സിഇഒമാരും പ്രതിനിധികളും പങ്കെടുത്ത മീറ്റിംഗിൽ സ്ഥിതിഗതികള്‍ വിലയിരുത്തി.
ശനിയാഴ്‌ച മാത്രം 30 ലധികം വിമാനങ്ങൾക്കാണ് സുരക്ഷാ ഭീഷണിയുണ്ടായത്. എയർ ഇന്ത്യ, വിസ്‌താര, ഇൻഡിഗോ, ആകാശ എയർ, സ്‌പൈസ് ജെറ്റ്, സ്‌റ്റാർ എയർ, അലയൻസ് എയർ എന്നിവയുടെ വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഇന്ത്യൻ എയർലൈനുകളുടെ 70-ലധികം ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ചു.
സമൂഹ മാധ്യമങ്ങൾ വഴിയാണ് വിമാനങ്ങൾക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഒരു വിമാനത്തിന്‍റെ ലാവറ്ററിയിൽ നിന്നും വിമാനത്തിൽ ബോംബുണ്ടെന്ന് എഴുതിയ കുറിപ്പും കണ്ടെത്തി. ഭീഷണികൾ പലതും വ്യാജമാണെന്ന് പിന്നീടുള്ള പരിശോധനയിൽ തെളിഞ്ഞു. വിമാനങ്ങൾക്ക് ബോംബ് ഭീഷണികൾ പുറപ്പെടുവിച്ച എക്‌സിൻ്റെ ചില ഹാൻഡിലുകള്‍ ഡിആക്‌ടിവേറ്റ് ചെയ്‌തിട്ടുണ്ട്.
വിസ്‌താരയുടെ യുകെ 106 (സിംഗപ്പൂർ മുതൽ മുംബൈ വരെ), യുകെ 027 (മുംബൈ മുതൽ ഫ്രാങ്ക്ഫർട്ട്), യുകെ 107 (മുംബൈ മുതൽ സിംഗപ്പൂർ), യുകെ 121 (ഡൽഹി മുതൽ ബാങ്കോക്ക്), യുകെ 131 (മുംബൈ മുതൽ കൊളംബോ വരെ) എന്നീ വിമാനങ്ങൾക്കാണ് ഭീഷണിയുണ്ടായത്.
ഉദയ്‌പൂരിൽ നിന്ന് മുംബൈയിലേക്കുള്ള വിസ്‌താര ഫ്ലൈറ്റ് യുകെ 624 സംബന്ധിച്ചും സുരക്ഷാ ആശങ്കയുണ്ടായിരുന്നു. ഇതിനെ തുടർന്ന് ലാൻഡിംഗിന് ശേഷം നിർബന്ധിത പരിശോധനകൾക്കായി വിമാനം ഐസൊലേഷൻ ബേയിലേക്ക് കൊണ്ടുപോയി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആകാശ എയറിന്‍റെ QP 1323 (ബെംഗളൂരു മുതൽ ഗുവാഹത്തി വരെ), QP 1371 (ഗോവ മുതൽ മുംബൈ വരെ), QP 1373 (ബാഗ്‌ഡോഗ്ര മുതൽ ബെംഗളൂരു വരെ), QP 1385 (മുംബൈ മുതൽ ബാഗ്‌ഡോഗ്ര), QP 1405 (ഹൈദരാബാദിൽ നിന്ന് ഡൽഹി വരെ) എന്നീ അഞ്ച് വിമാനങ്ങൾക്കാണ് സുരക്ഷാ ഭീഷണിയുണ്ടായത്. അഞ്ചു വിമാനങ്ങളും സമഗ്രമായ പരിശോധനക്ക് ശേഷം വിട്ടയച്ചതായി അധികൃതർ അറിയിച്ചു.
അഞ്ച് വിമാനങ്ങൾക്ക് ലഭിച്ച ഭീഷണിയുമായി ബന്ധപ്പെട്ട് ഇൻഡിഗോയും പ്രസ്‌താവനയിറക്കിയിരുന്നു. 6E17 (മുംബൈ മുതൽ ഇസ്‌താംബൂൾ വരെ), 6E11 (ഡൽഹി മുതൽ ഇസ്‌താംബുൾ വരെ), 6E184 (ജോധ്പൂർ മുതൽ ഡൽഹി വരെ), 6E108 (ഹൈദരാബാദ് മുതൽ ചണ്ഡിഗഡ്), 6E58 (ജിദ്ദയിൽ നിന്ന് മുംബൈ വരെ) എന്നിവയായിരുന്നു ഇൻഡിഗോയുടെ സുരക്ഷാ ഭീഷണി നേരിട്ട വിമാനങ്ങൾ.
കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ അലയൻസ് എയർ വിമാനത്തിനും ബോംബ് ഭീഷണിയുണ്ടായിരുന്നു. ഭീഷണി സന്ദേശത്തെ തുടർന്ന്, പ്രോട്ടോക്കോൾ അനുസരിച്ച് ബന്ധപ്പെട്ട എല്ലാ അധികാരികളെയും വിവരമറിയിച്ചിട്ടുണ്ടെന്നും സുരക്ഷാ ഏജൻസികളുടെ നിർദേശപ്രകാരം എല്ലാ സുരക്ഷാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടിരിക്കുകയാണ് എന്നും എയർലൈൻസ് വക്താവ് അറിയിച്ചു.
സുരക്ഷാ ഭീഷണി നേരിട്ട വിമാനങ്ങൾ ഐസൊലേഷൻ ബേകളിലേക്ക് മാറ്റുകയും സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കുകയും ചെയ്യേണ്ടതിനാൽ വിമാനത്താവളങ്ങളിലെ യാത്രക്കാരും ജീവനക്കാരും ബുദ്ധിമുട്ടി. വിമാനക്കമ്പനികൾക്ക് വ്യാജ ബോംബ് ഭീഷണികൾ ഉണ്ടാകുന്നത് തടയാൻ കുറ്റവാളികളെ നോ ഫ്ലൈ ലിസ്‌റ്റിൽ ഉൾപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കർശനമായ നടപടികൾ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്‍റെ പരിഗണനയിലുണ്ട്.