2011 ഫെബ്രുവരി 24ന് ഇന്ത്യന്‍ വാര്‍ത്ത ഏജന്‍സി പിടിഐ ഒരു പ്രധാന റിപ്പോര്‍ട്ട് പുറത്തുവിട്ടു.ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി ഐഎസ്ആര്‍ഒ ചാന്ദ്രോപരിതലത്തില്‍ വന്‍ ഗുഹ കണ്ടെത്തിയെന്നായിരുന്നു വാര്‍ത്ത. ഗോളാന്തര ബഹിരാകാശ ദൗത്യങ്ങളില്‍ നമ്മുടെ ബഹിരാകാശ യാത്രികര്‍ക്ക് ഇടത്താവളമായി ഉപയോഗിക്കാവുന്ന ഇടമാകാം ഇതെന്നും സ്പേസ് ആപ്ലിക്കേഷന്‍ സെന്‍ററിലെ ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് പിടിഐ അന്ന് റിപ്പോര്‍ട്ട് ചെയ്‌തു.
ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യമായ ചന്ദ്രയാന്‍ ഒന്നിലെ ടെറെയ്ന്‍ മാപ്പിങ് ക്യാമറയും പൈപ്പര്‍ സ്പെക്ട്രല്‍ ഇമേജര്‍ പേലോഡും നല്‍കിയ ഡാറ്റ വച്ചാണ് അവര്‍ ചാന്ദ്ര ഗുഹയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ലാവ പുറന്തള്ളിയ കുഴലെന്ന് സംശയിക്കുന്ന, ഒരിക്കലും ഇടിയുമെന്ന് പേടിക്കാനില്ലാത്ത തിരശ്ചീനമായ ഗുഹയ്ക്ക് 1.2 കിലോമീറ്റര്‍ നീളമുണ്ടെന്നും ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ അന്ന് അവകാശപ്പെട്ടിരുന്നു.
സ്പേസ് ആപ്ലിക്കേഷന്‍ സെന്‍ററിലെ ശാസ്ത്രജ്ഞ എഎസ് ആര്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചന്ദ്രയാന്‍ ഒന്ന് ദൗത്യത്തില്‍ നിന്നുള്ള ഡാറ്റ വച്ച് ഈ കണ്ടെത്തല്‍ നടത്തിയതെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു. ചന്ദ്രനിലെ വിദ്യുത് കാന്ത തരംഗങ്ങള്‍ പ്രതിരോധിക്കുന്നതിനും പ്രതികൂല കാലാവസ്ഥയില്‍ നിന്ന് രക്ഷ നേടുന്നതിനും കവചമായി ഉപയോഗിക്കാവുന്നതാണ് ഗുഹയെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടിരുന്നു. അവരുടെ കണ്ടെത്തല്‍ അന്ന് കറന്‍റ് സയന്‍സ് മാസികയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തിരുന്നു.
പകല്‍ 130 ഡിഗ്രി സെല്‍ഷ്യസും രാത്രിയില്‍ മൈനസ് 180 ഡിഗ്രി സെല്‍ഷ്യസുമെന്ന ചന്ദ്രനിലെ താപ നിലയിലെ ഉയര്‍ച്ച താഴ്‌ചകള്‍ ഏശാത്ത ചാന്ദ്ര ഗുഹകളില്‍, മൈനസ് 20 ഡിഗ്രിയെന്ന സ്ഥായിയായ അന്തരീക്ഷ ഊഷ്‌മാവാണ് ഉണ്ടാവുകയെന്ന് വരെ ഇവരുടെ പഠനം പറഞ്ഞു വച്ചിരുന്നു.
ഇന്ത്യൻ എക്‌സ്പ്രസ്, ഇക്കണോമിക് ടൈംസ്, ലൈവ് മിന്‍റ് തുടങ്ങിയ വാർത്ത മാധ്യമങ്ങളും പിടിഐ വാർത്ത ഏജൻസിയും അന്ന് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. 2011ല്‍ വന്ന വാര്‍ത്തയില്‍ പറയുന്ന കണ്ടെത്തലിനുള്ള വിവര ശേഖരണം ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി നടത്തിയതാവട്ടെ അതിനും 2 വര്‍ഷം മുമ്പ് 2009ല്‍ ആയിരുന്നു.
ഇത്രയും വിശദമായ ഒരു പഠനവും കണ്ടെത്തലും പതിമൂന്ന് വര്‍ഷം മുമ്പ് നടന്നത് പൊതുമണ്ഡലത്തില്‍ ഇരിക്കേയാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളെ തമസ്‌കരിക്കുന്ന മട്ടില്‍ ഇറ്റാലിയന്‍ ശാസ്ത്രജ്ഞര്‍ ചാന്ദ്ര ഗുഹ കണ്ടെത്തിയെന്ന മട്ടില്‍ ഇക്കഴിഞ്ഞ ദിവസം ലോകമാകെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. അമേരിക്കന്‍ വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്, ബിബിസി, ദി ഗാര്‍ഡിയന്‍ എന്നിവയൊക്കെയാണ് ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്‌തത്. ഇവരുടെ ചുവടുപിടിച്ച് മലയാളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തു.
റഡാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചാന്ദ്ര ഗുഹ കണ്ടെത്തിയ ട്രെന്‍റോ സര്‍വകലാശാലയിലെ ലിയനാര്‍ഡോ കാരര്‍, ലോറന്‍സോ ബ്രൂസോണേ എന്നിവരുടെ പ്രതികരണം അടക്കമാണ് എപി ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്. 'കഴിഞ്ഞ അമ്പത് വര്‍ഷത്തോളമായി ചാന്ദ്ര ഗുഹകള്‍ ഒരു അദ്ഭുതമായും പ്രഹേളികയായുമൊക്കെ ഇരിക്കുകയായിരുന്നു. എന്നാലിന്ന് അവയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായത് ആവേശം ജനിപ്പിക്കുന്നു.' ഇത്തരത്തിലായിരുന്നു ശാസ്ത്രജ്ഞരുടെ പ്രതികരണമെന്ന് എപി വാര്‍ത്തയില്‍ പറയുന്നു. വലിയ തോതിലുള്ള നിര്‍മിതികളൊന്നും കൂടാതെ തന്നെ മനുഷ്യ വാസത്തിനുള്ള താവളം ഒരുക്കാന്‍ ഗുഹകളില്‍ സാധിക്കുമെന്ന് ലിയനാര്‍ഡോ കാരര്‍ ദി ഗാര്‍ഡിയനോടും പറഞ്ഞു.
1969ല്‍ നീല്‍ ആംസ്ട്രോങ്ങും കൂട്ടരും ഇറങ്ങിയ ചന്ദ്രനിലെ പ്രശാന്ത സമുദ്ര മേഖലയില്‍ നിന്ന് 250 മൈല്‍ അകലെ കണ്ടെത്തിയ ഗുഹയ്ക്ക് 130 അടിയാണ് ആഴമെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ഇപ്പോഴും ഈ ഗുഹയ്ക്കുള്ളില്‍ എന്താണെന്ന് വ്യക്തമായി അറിയില്ലെന്നും വിശദമായ പഠനം ആവശ്യമാണെന്നും ഈ വാര്‍ത്തയോട് പ്രതികരിച്ച യൂറോപ്യന്‍ സ്പേസ് ഏജന്‍സിയിലെ ഫ്രാന്‍സിസ്കോ സാവുറോ പറഞ്ഞതായി ബിബിസിയും റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയതെന്ന് പറയാന്‍ ഒന്നുമില്ലെന്നിരിക്കെ പുതിയതെന്തോ കണ്ടെത്തിയെന്ന മട്ടില്‍ ലോകത്തിന് മുന്നില്‍ അവകാശവാദം ഉന്നയിക്കുകയായിരുന്നു പാശ്ചാത്യ മാധ്യമങ്ങളെന്നാണ് ഇപ്പോള്‍ വെളിവാകുന്നത്. 2011ല്‍ ഐഎസ്ആര്‍ഒയും സ്പേസ് ആപ്ലിക്കേഷന്‍ സെന്‍ററിലെ ശാസ്ത്രജ്ഞരും കണ്ടെത്തിയ വിവരങ്ങള്‍ ലോകത്തിന്‍റെ പൊതു സ്വത്തായി നിലനില്‍ക്കേ അതില്‍ നിന്ന് ഒരിഞ്ചെങ്കിലും മുന്നോട്ട് വയ്‌ക്കാവുന്ന ഒരു കണ്ടെത്തലെങ്കിലും ഇറ്റാലിയന്‍ ശാസ്ത്രജ്ഞര്‍ നടത്തിയതായി വാര്‍ത്തയില്‍ പറയുന്നില്ല. പിന്നെ എന്തുകൊണ്ട് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ കണ്ടെത്തലിനെ തമസ്‌കരിക്കുന്ന തരത്തില്‍ പാശ്ചാത്യ വാര്‍ത്ത ഏജന്‍സിയും മാധ്യമങ്ങളും ഈ ഗവേഷണ വാര്‍ത്തയെ അവതരിപ്പിച്ചു എന്ന ചോദ്യമാണ് ഇന്ത്യന്‍ ശാസ്ത്ര പ്രചാരകരും ശാസ്ത്ര ലേഖകരും ഉയര്‍ത്തുന്നത്.
ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്ര സംവിധായകനും ശാസ്ത്ര ലേഖകനുമായ വിനോദ് മങ്കര അതി രൂക്ഷമായ ഭാഷയിലാണ് ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ഫേസ്ബുക്ക് പേജില്‍ വിനോദ് ഇങ്ങനെ കുറിച്ചു.
'ഇറ്റാലിയൻ സംഘം ചാന്ദ്ര ഗുഹകൾ കണ്ടെത്തിയെന്ന അമേരിക്കൻ ന്യൂസ് ഏജൻസിയായ അസോസിയേറ്റ് പ്രസിന്‍റെ വാർത്ത ശരിക്കും ചർച്ച ചെയ്യേണ്ടതാണ്. ഈ വാർത്ത എഴുതിയത് എപിയുടെ എയ്റോസ്പേസ് ലേഖികയാണ്. ഫാക്റ്റ് ചെക്ക് എന്ന് ലോക ജേണലിസം മുറവിളി കൂട്ടുന്ന ഇക്കാലത്ത് അമേരിക്കൻ ഏജൻസിക്ക് ഇത് ബാധകമല്ലേ എന്ന് ഇന്ത്യൻ പത്ര പ്രവർത്തന രംഗമെങ്കിലും ഉച്ചത്തിൽ ചോദിക്കണം. മൂന്ന് ദിവസം മുമ്പ് മലയാള പത്രങ്ങൾ വരെ പ്രാധാന്യത്തോടെ അച്ചടിച്ച വാർത്തയായിരുന്നു ഇറ്റാലിയൻ ശാസ്ത്ര സംഘം ചന്ദ്രനിൽ ഗുഹകൾ കണ്ടെത്തി എന്നത്. എപി ഫ്ലാഷ് ചെയ്‌തത് കൊണ്ട് ബിബിസി പോലുള്ള മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ ഈ വാർത്ത പ്രചരിപ്പിക്കുകയുണ്ടായി.
എന്നാൽ 2009ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം ചന്ദ്രയാൻ ഒന്നിൻ്റെ സഹായത്തോടെ 1.2 കിലോമീറ്റർ ദൈർഘൃമുള്ള ലാവാ ട്യൂബുകൾക്കുള്ളിലെ ചാന്ദ്ര ഗുഹകൾ കണ്ടെത്തിയിരുന്നു. ഇത് 2011ൽ ഇന്ത്യൻ എക്‌സ്പ്രസ്, ഇക്കണോമിക് ടൈംസ്, ലൈവ് മിൻ്റ് തുടങ്ങിയ വാർത്ത മാധ്യമങ്ങളും പിടിഐ വാർത്ത ഏജൻസിയും പബ്ലിഷ് ചെയ്‌തിരുന്നു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്‍റെ വലിയൊരു നേട്ടവുമായിരുന്നു അത്.
ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന്‍റെ തുടക്കത്തിലേ നമ്മൾ നേടിയ വിജയമായിരുന്നു അത്. മൂൺ ഇംപാക്‌ട് പ്രോബിനെ ചാന്ദ്ര ഉപരിതലത്തിൽ ഇറക്കിയതും പിന്നീട് ചാന്ദ്ര ഗുഹകൾ കണ്ടെത്തിയതും ലോകത്താകമാനമുള്ള ബഹിരാകാശ ശാസ്ത്ര ലോകത്തിന് അറിവുള്ള കാര്യവുമാണ്. പിന്നെ എന്തുകൊണ്ട് പാശ്ചാത്യരാണ് ഇത് ആദ്യമായി കണ്ടെത്തിയതെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നു എന്നത് ചർച്ച ചെയ്യേണ്ടതാണ്.
ഐഎസ്ആർഒയും ഇന്ത്യൻ ഗവൺമെൻ്റും ഇതിൽ പ്രതിഷേധം അറിയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് നേരിട്ട അപമാനവും അവരുടെ പ്രയത്നങ്ങളെ ഹൈജാക്ക് ചെയ്‌തതും അന്താരാഷ്ട്ര തലത്തിൽ ചർച്ച വരണം. അസോസിയേറ്റ് പ്രസിനെ പോലുള്ള അമേരിക്കൻ വാർത്ത ഏജൻസി ഇന്ത്യൻ ജനതയോട് മാപ്പ് പറഞ്ഞ് അവരുടെ ഫാക്റ്റ് ചെക്ക് ചെയ്യാത്ത വാർത്ത പിൻവലിക്കണം'.
Also Read : ചന്ദ്രനെ കുറിച്ച് കൂടുതല്‍ പഠനത്തിനൊരുങ്ങി ചൈന; സാമ്പിളുകള്‍ ശേഖരിച്ച് ചാങ്‌ഇ-6 - China Chang e 6