നാഗ്‌പൂര്‍(മഹാരാഷ്‌ട്ര): ബ്രഹ്‌മോസ് എയ്‌റോ സ്‌പേസ് എന്‍ജിനീയര്‍ നിശാന്ത് അഗര്‍വാളിന് ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ച് നാഗ്‌പൂര്‍ ജില്ലാ കോടതി. പാകിസ്ഥാന്‍റെ ഐഎസ്‌ഐയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കുറ്റത്തിനാണ് ശിക്ഷ പതിനാല് വര്‍ഷത്തേക്കാണ് ഇയാള്‍ക്ക് കഠിന തടവ്. ഇതിന് പുറമെ മൂവായിരം രൂപ പിഴയും ഒടുക്കണം.
പെണ്‍കെണിയില്‍ പെട്ടതിനെ തുടര്‍ന്ന് 2018 ഒക്‌ടോബര്‍ എട്ടിനാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് പാകിസ്ഥാനിലെ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. സാമൂഹ്യമാധ്യമങ്ങള്‍ വഴി ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്ന അക്കൗണ്ടുകള്‍ ഐഎസ്‌ഐയാണ് നിയന്ത്രിച്ചിരുന്നതെന്നും കണ്ടെത്തി.
ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സംഘം ഒന്നിച്ച് നാഗ്‌പൂരിലെ ഉജ്വല്‍ നഗര്‍ മേഖലയിലുള്ള ഇയാളുടെ വാടകവീട്ടില്‍ നടത്തിയ റെയ്‌ഡിലാണ് ഇയാളെ പിടികൂടിയത്. നാഗ്‌പൂരിലെ ബ്രഹ്‌മോസ് എയ്‌റോ സ്‌പേസ് ലിമിറ്റഡിന്‍റെ ഓഫീസില്‍ സാങ്കേതിക ഗവേഷണ വിഭാഗത്തിലാണ് ഇയാള്‍ ജോലി ചെയ്‌തിരുന്നത്. കര, വായു, കടല്‍ മേഖലകളില്‍ നിന്ന് തൊടുക്കാനാകുന്ന സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്.
ബ്രഹ്‌മോസ് എയ്‌റോ സ്‌പേസ് ഡിആര്‍ഡിഒയുടെയും റഷ്യയിലെ സൈനിക വ്യവസായ കണ്‍സോര്‍ഷ്യത്തിന്‍റെയും സംയുക്ത സംരംഭമാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇയാള്‍ക്ക് ബോംബെ ഹൈക്കോടതിയുടെ നാഗ്‌പൂര്‍ ബെഞ്ച് ജാമ്യം അനുവദിച്ചിരുന്നു. ഇയാള്‍ ഡിആര്‍ഡിഒയുടെ യുവ ശാസ്‌ത്രജ്ഞനുള്ള പുരസ്‌കാരം നേടിയ വ്യക്തിയാണ്. കുരുക്ഷേത്ര നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ് ഇയാള്‍ പഠിച്ചത്.
Also Read:ഫിലിപ്പീന്‍സിന് കരുത്തേകാന്‍ ഇന്ത്യയുടെ ബ്രഹ്മോസ്; നടന്നത് 3750 ലക്ഷം അമേരിക്കന്‍ ഡോളറിന്‍റെ ഇടപാട്