കോർബ: ചത്തീസ്‌ഗഢിൽ ജനവാസമേഖലയിലെത്തിയ ആന മൂന്ന് സ്‌ത്രീകളെ ചവിട്ടിക്കൊന്നു. തീജ കുൻവാർ (60), സുർജ ബായി (40), ഗായത്രി റാത്തോഡ് എന്നിവരാണ് ഒറ്റയാന്‍റെ ആക്രമണത്തില്‍ മരിച്ചത്. വ്യാഴാഴ്‌ച (ഓഗസ്‌റ്റ് 08) രാവിലെ ഒരു സ്‌ത്രീയെ ചവിട്ടിക്കൊന്ന ആന രാത്രി മറ്റ് രണ്ട് പേരെയും ചവിട്ടിക്കൊല്ലുകയായിരുന്നു. ഇവരിൽ രണ്ട് പേർ ഒരേ കുടുംബത്തിൽ നിന്നുളളവരാണ്.
ഒരേ കുടുംബത്തിൽ നിന്നുളള തീജ കുൻവാർ, സുർജ ബായി എന്നിവരെ ആന ആക്രമിക്കുകയും ഇവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്‌തു. വ്യാഴാഴ്‌ച രാവിലെ റാലിയ ഗ്രാമത്തിലെ ഗായത്രി റാത്തോഡ് പ്രഭാത നടത്തത്തിന് ഇറങ്ങിയപ്പോഴാണ് ആന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗായത്രിയെ ഉടൻ തന്നെ കോർബ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
ജനവാസമേഖലയിൽ നിന്ന് ആനയെ തുരത്താനുള്ള ശ്രമത്തിലായതിനാൽ തന്നെ വനംവകുപ്പ് ആനയെ നിരന്തരം നിരീക്ഷിച്ചുവരികയാണ്. എട്ട് ആനകളുടെ കൂട്ടത്തിൽ നിന്ന് വേർപിരിഞ്ഞതിന് ശേഷമാണ് ആന ഇത്തരത്തിൽ ആക്രമണകാരിയായത്. ആന കൂടുതൽ അപകടകാരിയായതിനാൽ ഗ്രാമവാസികളോട് ആനയിൽ നിന്ന് അകലം പാലിക്കാൻ വനംവകുപ്പ് ആവശ്യപ്പെട്ടു.
ആനയുടെ ആക്രമണത്തിൽ മരിച്ചവരുടെ കുടുംബത്തിന് വനംവകുപ്പ് അടിയന്തര ധനസഹായമായി 25,000 രൂപ നൽകി. ബാക്കിയുള്ള നഷ്‌ടപരിഹാരമായ അഞ്ച് ലക്ഷത്തി എഴുപത്തിയയ്യായിരം രൂപ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം നൽകുമെന്ന് വനം വകുപ്പ് അറിയിച്ചു.
Also Read: തുടര്‍ക്കഥയാകുന്ന മനുഷ്യ-മൃഗ സംഘർഷം; രാജ്യത്ത് ജീവന്‍ നഷ്‌ടമായവര്‍ നിരവധി