ഹൈദരാബാദ് : കാലത്തിനൊപ്പം മാറിക്കൊണ്ട് പുതുമ കൊണ്ടുവരുന്ന തെലുഗു പത്ര പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത് 'ഈനാടു' പത്രം ആണ്. 4,500 കോപ്പികൾ മാത്രം വിറ്റഴിച്ചു തുടങ്ങിയ പത്രം 13 ലക്ഷത്തിലധികം കോപ്പികൾ വിറ്റുകൊണ്ട് ഇന്ന് തെലുഗു ഭാഷയിലെ നമ്പർ വൺ ദിനപത്രമായി മാറിയിരിക്കുകയാണ്. തലമുറ മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് പുതിയ ആശയങ്ങളുമായി മുന്നോട്ടുപോകുന്ന ഈനാടു മാധ്യമ ലോകത്ത് യാത്ര ആരംഭിച്ചിട്ട് വരുന്ന ആഗസ്റ്റ് 10 നേക്ക് 50 വർഷം പൂർത്തിയാകും.
ഈനാടുവിന്‍റെ തുടക്കം : 1974 ആഗസ്റ്റ് 10ന് വിശാഖപട്ടണത്തെ സീതാമധാര എന്ന പ്രദേശത്താണ് ഈനാടു ആരംഭിക്കുന്നത്. റാമോജി ഫിലിം സിറ്റി സ്ഥാപകൻ കൂടിയായ അന്തരിച്ച റാമോജി റാവുവാണ് ഈനാടുവിന് പിന്നിൽ. ഒരു പ്രാദേശിക പത്രമായി പ്രയാണമാരംഭിച്ച ഈനാടുവിന്‍റെ വളർച്ച വളരെ പെട്ടന്നായിരുന്നു. അതിവേഗം പ്രചാരത്തിലെത്തിയ പത്രം, ഇപ്പോൾ അഭിമാനത്തോടെ അതിന്‍റെ സുവർണ ജൂബിലിയിലേക്ക് കടക്കുകയാണ്.
ഈനാടു വരുന്നതിന് മുമ്പ് തെലുഗു മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ പ്രചാരം നേടിയത് ആന്ധ്രാപ്രഭ ആയിരുന്നു. അക്കാലത്ത് തെലുഗു പത്രങ്ങളെല്ലാം പ്രസിദ്ധീകരിച്ചിരുന്നത് വിജയവാഡയിലായിരുന്നു. അവിടെ നിന്നും പത്രങ്ങൾ ട്രെയിൻ വഴിയാണ് വിശാഖപട്ടണത്തേക്ക് എത്തിയത്. ഇത് വായനക്കാരുടെ കൈകളിൽ എത്തുമ്പോഴേക്കും ഉച്ചയോടടുക്കും. ഉച്ചവരെ മറ്റൊരു പത്രവും വായിക്കാനാകാത്ത വടക്കൻ ആന്ധ്രയിൽ എന്തുകൊണ്ട് തനിക്കൊരു പത്രം ആരംഭിച്ചുകൂടാ എന്ന റാമോജി റാവുവിന്‍റെ ചിന്തയിലാണ് ഈനാടു പിറവി കൊണ്ടത്.
ഇന്ന് 50 വർഷം പിന്നിടുമ്പോൾ ഈനാടു തെലുഗു മാധ്യമ ലോകത്തെ ഏറ്റവും പ്രചാരമേറിയ പത്രമായി മാറിക്കഴിഞ്ഞു. 50 വർഷം പിന്നിട്ട ഈനാടുവിൻ്റെ യാത്രയിൽ പങ്കുവഹിക്കാനും, 35 വർഷമായി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനും സാധിച്ചത് അഭിമാനകരമാണെന്നാണ് മാനേജിങ് ഡയറക്‌ടർ കിരൺ പറയുന്നത്. ഇത് സാധ്യമായത് ചെയർമാൻ റാമോജി റാവുവിന്‍റെ ശ്രമഫലമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പേരിനു പിന്നിൽ : ആന്ധ്രയിൽ അന്ന് നിലവിൽ ഉണ്ടായിരുന്ന പത്രങ്ങൾക്ക് എല്ലാം പേരുകൾ തുടങ്ങുന്നത് 'ആന്ധ്ര' എന്നുവച്ചാണ്. ആന്ധ്ര പത്രിക, ആന്ധ്രാപ്രഭ, ആന്ധ്ര ജനത ആന്ധ്രാജ്യോതി, വിശാലാന്ധ്ര അങ്ങനെ പോകുന്നു നിര. ആരെയും അനുകരിക്കുന്നത് ശീലമില്ലാത്ത റാമോജി റാവു ഈനാട് എന്ന് തന്‍റെ പത്രത്തിന് പേര് നൽകി. 'നാട്' എന്നതിന് സ്ഥലം, ദിവസം എന്നിങ്ങനെ രണ്ട് അർഥങ്ങളുണ്ട്. 'ഈനാട്' എന്നാൽ 'ഈ സ്ഥലം' അല്ലെങ്കിൽ 'ഈ ദിവസം' എന്ന് അർഥം വരുന്നു.
വാർത്ത വിവരങ്ങൾ ഫലപ്രദമായി ജനങ്ങളിലേക്കെത്തിക്കാനായി പത്രത്തിൽ ലളിതമായ ഭാഷ കൊണ്ടുവന്നതും അദ്ദേഹമായിരുന്നു. എളുപ്പം മനസിലാക്കാവുന്ന പൊതുവായ പദങ്ങളുടെ ഉപയോഗം കൊണ്ട് പത്രത്തിന്‍റെ പ്രചാരത്തിൽ തന്നെ മാറ്റം വരുത്തിയതിൻ്റെ ബഹുമതി റാമോജി റാവുവിനാണ്. അങ്ങനെ ഈനാട് തെലുഗു കുടുംബങ്ങളുടെ ഒരു പ്രധാന ഭാഗമായി മാറി. ഇന്ന് ഈനാടിന് ദശലക്ഷക്കണക്കിന് വായനക്കാരുണ്ട്.
Also Read: റാമോജി ഫിലിം സിറ്റിയിൽ 'ഫ്രണ്ട്ഷിപ്പ് വീക്ക്'; കോളേജ് വിദ്യാർഥികൾക്ക് പ്രത്യേക ഇളവുകൾ