ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നോയിഡയിലെ പ്രശസ്‌തമായ ജിഐപി മാൾ ഉൾപ്പടെയുള്ള അമ്യൂസ്‌മെന്‍റ്, റിക്രിയേഷൻ സേവനങ്ങൾ നൽകുന്ന കമ്പനിയുടെ 290 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി.
ഇന്‍റർനാഷണൽ അമ്യൂസ്‌മെന്‍റ് ലിമിറ്റഡ് (ഇന്‍റർനാഷണൽ റിക്രിയേഷൻ ആൻഡ് അമ്യൂസ്‌മെന്‍റ് ലിമിറ്റഡിന്‍റെ ഹോൾഡിങ് കമ്പനി, IRAL), സെക്‌ടർ 29, 52 എന്നിവിടങ്ങളിലെ ഷോപ്പുകൾ/മറ്റ് സ്ഥലം എന്നിവ അനുവദിക്കാമെന്ന വാഗ്ദാനത്തിൽ 1,500 നിക്ഷേപകരിൽ നിന്നായി 400 കോടിയിലധികം രൂപ പിരിച്ചതായി ഇഡി പ്രസ്‌താവനയില്‍ പറയുന്നു.
പ്രൊജക്റ്റ് ഡെലിവർ ചെയ്യുന്നതിൽ സ്ഥാപനം പരാജയപ്പെടുകയും സമയപരിധി കഴിയുകയും ചെയ്‌ത സാഹചര്യത്തിലാണ് ഇഡി സംഭവത്തില്‍ ഇടപെട്ടത്. നിക്ഷേപകർക്ക് പ്രതിമാസം ഉറപ്പുനൽകിയ റിട്ടേണുകളും നൽകിയിട്ടില്ലെന്ന് ഇഡി കണ്ടെത്തി. നിക്ഷേപകരുടെ പണം കമ്പനി തട്ടിയെടുത്തതായും ഇഡി വ്യക്തമാക്കി. തുടര്‍ന്നാണ് സ്വത്തുകള്‍ കണ്ടുകെട്ടിയത്.
നോയിഡയിലെ ഗ്രേറ്റ് ഇന്ത്യ പ്ലേസ് മാള്‍(ജിഐപി), ഇന്‍ർനാഷണൽ അമ്യൂസ്‌മെന്‍റ് ലിമിറ്റഡ്, ഇന്‍ർനാഷണൽ അമ്യൂസ്‌മെന്‍റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്‍റെ പേരിൽ ജയ്പൂരിലെ ദൗലത്പൂർ വില്ലേജ് തഹ്‌സിലിലുള്ള അഡ്വഞ്ചർ ഐലൻഡ് ലിമിറ്റഡ് എന്നീ കമ്പനികളുടെ 291.18 കോടി രൂപയുടെ ആസ്‌തികളാണ് ഇഡി കണ്ടുകെട്ടിയത്.