ന്യൂഡൽഹി : അജിത് പവാറിന് നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) പേരും ചിഹ്നവും അനുവദിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. എൻസിപി ഉപയോഗിച്ചുവന്ന ക്ലോക്ക് അടയാളം അജിത്തിന് അനുവദിച്ചതോടെ ശരദ് പവാർ വിഭാഗത്തിന് ചിഹ്നം നഷ്‌ടമായി. നിയമസഭയിലുള്ള ഭൂരിപക്ഷവും പാർട്ടിയുടെ ഭരണഘടനയും പരിഗണിച്ചാണ് നടപടി.
വരാനിരിക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ശരദ് പവാർ വിഭാഗത്തോട് പുതിയ പേര് തെരഞ്ഞെടുക്കാനും കമ്മീഷൻ ആവശ്യപ്പെട്ടു. ഫെബ്രുവരി 7 ന് ഉച്ചകഴിഞ്ഞ് 3 മണിക്കകം തന്നെ ഇതിൽ തീരുമാനം അറിയിക്കണമെന്നാണ് നിർദേശം.
ആറ് മാസത്തിലേറെയായി പത്തിലധികം ഹിയറിങ്ങുകൾ നടത്തിയശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് തർക്കം തീർപ്പാക്കിയത്. കഴിഞ്ഞ ജൂലൈ ഒന്നിന് ആരംഭിച്ച വാദം കേൾക്കലിൽ ഹർജിക്കാരനായ അജിത്തിനുവേണ്ടി മുകുൾ റോത്തഗി, നീരജ് കിഷൻ കൗൾ, മനീന്ദർ സിംഗ് തുടങ്ങിയ മുതിർന്ന അഭിഭാഷകർ ഹാജരായി. പ്രതിഭാഗത്തിനായി അഭിഷേക് മനു സിങ്‌വി, ദേവദത്ത് കാമത്ത് എന്നിവരുമുൾപ്പടെയുള്ള പ്രഗത്ഭർ ഹാജരായി. ഇരുഭാഗവും ശക്തമായ വാദഗതികളാണ് അന്യോനം ഉന്നയിച്ചത്.
ചേരിതിരിഞ്ഞ് പോരാട്ടം : ഇക്കഴിഞ്ഞ ജൂൺ രണ്ടിനാണ് മഹാരാഷ്‌ട്രയിലെ ഏക്‌നാഥ് ഷിൻഡെയുടെ (Eknath Shinde) നേതൃത്വത്തിലുള്ള ശിവസേന ബിജെപി സർക്കാരിൽ അജിത് പവാറും ഒൻപത് എംഎൽഎമാരും ചേർന്നത്. തുടർന്ന് അന്ന് തന്നെ അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തിരുന്നു. കൂടാതെ മറുകണ്ടം ചാടിയ മറ്റ് എംഎൽഎമാരും മന്ത്രിസഭയുടെ ഭാഗമായിരുന്നു. നിലവിൽ മഹാരാഷ്ട്ര എന്‍സിപിയിലെ 53 എം എൽ എമാരിൽ 40 പേരും ഒൻപത് എം എൽ സിമാരിൽ 5 പേരും അജിത് പക്ഷത്താണ്.