ബെലഗാവി (കർണാടക) : പ്രായപൂർത്തിയാകാത്ത മകളെ ശല്യം ചെയ്‌ത യുവാവിനെയും യുവാവിന്‍റെ സഹോദരനെയും പെൺകുട്ടിയുടെ പിതാവ് കുത്തിക്കൊന്നു. സവദത്തി താലൂക്കിലെ ദുണ്ടനകൊപ്പ ഗ്രാമത്തിൽ ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം. കരിമണി ഗ്രാമത്തിലെ യല്ലപ്പ സോമപ്പ ആലഗോടി (22), മായപ്പ സോമപ്പ ആലഗോടി (20) എന്നിവരാണ് കൊല്ലപ്പെട്ടത്. സവദത്തി താലൂക്കിലെ ദുണ്ടനകൊപ്പ വില്ലേജിലെ ഫക്കീരപ്പ ഭാംവിഹാൽ (50) ആണ് പ്രതി. ഇയാളെ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു.
പ്രതിയായ ഫക്കീരപ്പയുടെ പ്രായപൂർത്തിയാകാത്ത മകളെ പ്രണയിച്ച് വിവാഹം കഴിക്കാൻ മായപ്പ ആലഗോടി നിരന്തരം ശല്യം ചെയ്‌തിരുന്നു. ഇതറിഞ്ഞ യുവതിയുടെ പിതാവ് യുവാവിനെ കണ്ട് ഉപദേശിച്ചു. എന്നാല്‍ യുവാവ് ശല്യം ചെയ്യുന്നത് തുടർന്നു. ഇതിൽ പ്രകോപിതനായ ഫക്കീരപ്പ ചൊവ്വാഴ്‌ച യുവാവിൻ്റെ വീട്ടിലെത്തി മായപ്പയെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മായപ്പ രക്തം വാര്‍ന്ന് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
വഴക്ക് ഒത്തുതീർപ്പാക്കാൻ എത്തിയ മായപ്പയുടെ ജ്യേഷ്‌ഠൻ യല്ലപ്പയെയും ഫക്കീരപ്പ കുത്തിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. യല്ലപ്പയെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാമദുർഗ ഡിവൈഎസ്‌പിയും മുരഗോഡ സ്റ്റേഷനിലെ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്.
Also Read : സാമ്പത്തിക തർക്കം: മാതാപിതാക്കളെ കുത്തിക്കൊന്ന ശേഷം പ്രതി പൊലീസിൽ കീഴടങ്ങി - MAN KILLS PARENTS IN BARAN