ദോഡ (ജമ്മു കശ്‌മീർ) : ദോഡയിലെ ഏറ്റുമുട്ടലിനുശേഷം നാല് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് ജമ്മു കശ്‌മീര്‍ പൊലീസ്. ഭാദേർവ, താത്രി, ഗണ്ഡോ എന്നീ സ്ഥലങ്ങളിൽ പതിയിരിക്കുന്നതായി പൊലീസ് കണക്കാക്കുന്ന ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇവരെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ വീതം 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. വിവരം നൽകുന്നയാളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും എന്ന് ജമ്മു കശ്‌മീർ പൊലീസ് എക്‌സിലൂടെ അറിയിച്ചു.
ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചോ നീക്കത്തെക്കുറിച്ചോ വിവരങ്ങൾ നൽകാൻ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. അതിനിടെ, ദോഡയിലെ ഗണ്ഡോ മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചതിനെ തുടർന്ന് സുരക്ഷ ശക്തമാക്കുകയും പരിശോധന നടത്തുകയും ചെയ്‌തു. പൊലീസ് സുരക്ഷയും വാഹന പരിശോധനയും ശക്‌തമാക്കിയിട്ടുണ്ട്.
നേരത്തെ, ദോഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിലെ (എസ്ഒജി) ഒരു കോൺസ്‌റ്റബിളിന് പരിക്കേറ്റതായി ജമ്മു കശ്‌മീർ പൊലീസ് അറിയിച്ചിരുന്നു.
"ജൂൺ 12 ന് 20:20 ന്, കോട്ട ടോപ്പ്, ഗണ്ഡോ, ദോഡയിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചു. കെർലൂ ഭലസ്സയിൽ നടന്ന ഓപ്പറേഷനിൽ ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കെ എസ്‌ഒജി (SOG) ഗണ്ഡോയിലെ കോൺസ്‌റ്റബിൾ ഫരീദ് അഹമ്മദിന് (973/D) പരിക്കേറ്റു" -ജമ്മു കശ്‌മീർ പൊലീസ് എക്‌സിൽ ഇന്നലെ പോസ്‌റ്റ് ചെയ്‌തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖലയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളെ തുടർച്ചയായാണ് പുതിയ ഏറ്റുമുട്ടൽ ആരംഭിച്ചത്. റിയാസി, കത്വ ദോഡ എന്നിവിടങ്ങളില്‍ ആക്രമണം നടന്നിരുന്നു. ജൂൺ 9 ന് റിയാസിയിൽ ഒരു ബസിന് നേരെ ഭീകരർ ആക്രമണം നടത്തിയതോടെയാണ് ആക്രമണ പരമ്പര ആരംഭിച്ചത്. ഈ ദാരുണമായ സംഭവത്തിൽ ഒന്‍പത് തീര്‍ഥാടകർ മരിക്കുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
ALSO READ : റിയാസി ഭീകരാക്രമണം; തീവ്രവാദിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്, വിവരം നൽകിയാൽ 20 ലക്ഷം രൂപ പാരിതോഷികം