കൊൽക്കത്ത: യുവ ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ആർജി കർ മെഡിക്കൽ കോളജ് പരിസരത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീട്ടി. നിരോധന ഉത്തരവുകള്‍ ഓഗസ്റ്റ് 31 വരെ തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടരുതെന്ന് അറിയിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസമാണ് കൊൽക്കത്ത പൊലീസ് കമ്മീഷണർ വിനീത് ഗോയൽ ഔദ്യോഗിക പ്രസ്‌താവന പുറത്തിറക്കിയത്. ബെൽഗാച്ചിയ റോഡ്-ജെ കെ മിത്ര ക്രോസിങ് മുതൽ നോർത്ത് കൊൽക്കത്തയിലെ ശ്യാംബസാർ ഫൈവ് പോയിൻ്റ് ക്രോസിംഗ് ബെൽറ്റിൻ്റെ ചില ഭാഗങ്ങൾ വരെയുള്ള ഭാഗമാണ് നിരോധന ഉത്തരവുകൾ.
സംഘർഷങ്ങൾ തടയുന്നതിനും പ്രദേശത്ത് സമാധാനവും ക്രമസമാധാനവും നിലനിർത്തുന്നതിനുമാണ് നിരോധന ഉത്തരവ് നീട്ടിയത്. ഈ വിലക്കുകൾ ലംഘിക്കുന്ന ഏതൊരു വ്യക്തിയും 2023 ലെ ഭാരതീയ ന്യായ സൻഹിതയുടെ (ബിഎൻഎസ്) സെക്ഷൻ 223 പ്രകാരം ശിക്ഷയ്ക്ക് വിധേയമാകുമെന്ന് ഉത്തരവിൽ പറയുന്നു.