റാഞ്ചി (ജാർഖണ്ഡ്): റാഞ്ചിയിലെ ബാറിലെ ഡിജെ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ചൂടിയ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ എക്‌സ്ട്രീം ബാറിലെ ഡിജെയായ സാൻഡി എന്ന സന്ദീപാണ് വെടിയേറ്റ് മരിച്ചത്. ഇന്ന് (മെയ് 27) പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. വെടിവെയ്‌പ്പിന്‍റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നാല് അക്രമികൾ ബാറിലേക്ക് ഇടിച്ചുകയറുകയും ബാറിലുണ്ടായിരുന്ന സന്ദീപിനെ വെടിവെയ്‌ക്കുകയുമായിരുന്നു. കൃത്യം നടത്തിയ ഉടൻ തന്നെ അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയതായും വിവരമുണ്ട്. പരിക്കേറ്റ സന്ദീപിനെ ഉടൻ തന്നെ റിംസ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് അധികൃതർ പറഞ്ഞു.
റാഞ്ചി സിറ്റി ഡിഎസ്‌പി വി രാമൻ ചൂടിയ പൊലീസ് സ്‌റ്റേഷനിലെ പൊലീസ് സംഘത്തോടൊപ്പം ബാറിലെത്തി കേസ് അന്വേഷണം ആരംഭിച്ചു. ബാറിനുള്ളിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. വെടിവെയ്പ്പിന്‍റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വെടിവെയ്‌പ്പിൽ ഉൾപ്പെട്ട കുറ്റവാളികൾക്കായുള്ള തിരച്ചിൽ നടത്തിവരികയാണെന്ന് ചൂടിയ പൊലീസ് സ്‌റ്റേഷൻ ഓഫീസർ ഉമാശങ്കർ പറഞ്ഞു.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും ഒരു കൂട്ടം യുവാക്കളും ഡി ജെ സന്ദീപും ബാർ ജീവനക്കാരും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്‌ച രാത്രി ബാറിൽ മദ്യപിക്കുകയായിരുന്ന നാലോ അഞ്ചോ യുവാക്കൾ ഡി ജെ സന്ദീപും ബാറിലെ മറ്റ് ചില ജീവനക്കാരുമായി വാക്കുതർക്കമുണ്ടായെന്നും ഇത് ചെറിയ സംഘർഷത്തിന് വരെ കാരണമായെന്നും എന്നാൽ എങ്ങനെയോ തർക്കം ശാന്തമായെന്നും ബാറിൽ ഉള്ളവർ പറഞ്ഞു.
കുറച്ച് സമയത്തിന് ശേഷം ബാർ പൂട്ടാനൊരുങ്ങിയപ്പോൾ ആ അഞ്ച് യുവാക്കളും തിരികെയെത്തുകയും ഡി ജെ സന്ദീപിനെ അക്രമിക്കുകയുമായിരുന്നു. അക്രമികൾ സന്ദീപിന് നേരെ നിരവധി തവണ വെടിയുതിർത്ത ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.