ന്യൂഡൽഹി: അലോപ്പതിക്കെതിരായ വിവാദ പരാമർശം പിൻവലിക്കണമെന്ന് പതഞ്ജലി സഹസ്ഥാപകനും യോഗ ഗുരുവുമായ ബാബ രാംദേവിനോട് ഡൽഹി ഹൈക്കോടതി. പതഞ്ജലിയുടെ 'കൊറോണിൽ' കൊവിഡിനുള്ള മരുന്നാണെന്ന അവകാശവാദം പിൻവലിക്കാനും നിർദേശമുണ്ട്. അലോപ്പതി മരുന്നുകളും ഡോക്‌ടർമാരും കൊവിഡ് മരണത്തിന് കാരണമായതായി ആരോപിക്കുന്ന പോസ്റ്റുകൾ മൂന്ന് ദിവസത്തിനകം സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കാനാണ് നിർദേശം.
പതഞ്ജലിയുടെ 'കൊറോണിൽ' ഉപയോഗിക്കുന്നതിലൂടെ കൊവിഡ്-19 ഭേദമാകുമെന്ന് ബാബ രാംദേവ് അവകാശവാദമുന്നയിച്ചിരുന്നു. അതേസമയം രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള മരുന്ന് എന്ന ലൈസൻസാണ് ഈ ടാബ്‌ലെറ്റിനുള്ളത്. ഇതിനെയാണ് കൊവിഡ് ഭേദമാക്കാനുള്ള മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് പതഞ്ജലി പരസ്യം ചെയ്യുന്നത്.
പതഞ്ജലിയുടെ മരുന്നുകൾക്ക് പരസ്യം ചെയ്യാൻ ഇവരെ ഇനിയും അനുവദിച്ചാൽ, അത് പൊതുജനങ്ങളുടെ ആരോഗ്യത്തിന് പ്രശ്‌നങ്ങളുണ്ടാക്കുന്നതിനൊപ്പം ആയുർവേദത്തിൻ്റെ പ്രശസ്‌തിക്ക് തന്നെ മങ്ങലേൽക്കുമെന്നും കോടതി നിരീക്ഷിച്ചു. ഇതിനെ തുടർന്നാണ് കോടതി നടപടി.
പതഞ്ജലിയുടെ മരുന്നുകൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് അലോപ്പതി മരുന്നുകളാണ് കൊവിഡ് മരണം വർധിക്കുന്നതിന് കാരണമായതെന്ന് ആരോപിക്കുന്ന പ്രസ്‌താവനകളും പോസ്റ്റുകളുമാണ് പതഞ്ജലി പുറത്തിറക്കിയത്. 2021ൽ ഡോക്‌ടർമാരുടെ വിവിധ സംഘടനകൾ നൽകിയ പരാതിയിലാണ് ഉത്തരവ്.