ഡൽഹി: ഡൽഹിയിൽ വിവാഹ തലേന്ന് യുവാവിനെ കുത്തി കൊലപ്പെടുത്തി. ജിം പരിശീലകനായ ഗൗരവ് സിംഗാളാണ് കൊല്ലപ്പെട്ടത് (Delhi gym trainer stabbed to death a day before wedding). ദക്ഷിണ ഡൽഹിയിലെ ദേവ്‌ലി എക്സ്റ്റൻഷൻ ഏരിയയിലെ സിംഗാളിന്‍റെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. മൂർച്ചയുള്ള ആയുധം കൊണ്ട് 29 കാരനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
വിവാഹത്തിന് ഒരു ദിവസം മുൻപാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. കുത്തേറ്റ ഗൗരവിനെ കുടുംബാംഗങ്ങൾ ചേർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
യുവാവിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തുന്നതിനായി എയിംസ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.