ബാലസോര്‍ (ഒഡിഷ): കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ ഒരു സംഘം നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് ഒഡിഷയിലെ ബാലസോര്‍ നഗരസഭയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. രണ്ട് ദിവസത്തേക്ക് പ്രദേശത്തെ കടകള്‍ തുറക്കരുതെന്ന് നിര്‍ദേശമുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ അല്ലാതെ വാഹനങ്ങളും നിരത്തിലിറക്കരുത്.
സ്ഥലത്തെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കേന്ദ്രസൈന്യത്തെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. ബാലസോര്‍ നഗരത്തിന്‍റെ വിവിധയിടങ്ങളില്‍ പൊലീസ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ പ്രദേശത്ത് ഇന്‍റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തലാക്കും. സ്ഥലം എംപി പ്രതാപ് സാരംഗിയും എംഎല്‍എ മാനസ് ദത്തയും പൊലീസ് സൂപ്രണ്ട് സാഗരിക നാഥുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷമാണ് സ്ഥലത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തത്. ടൗണ്‍ പൊലീസിന്‍റെ കീഴിലുള്ള സണ്‍ഹാറ്റ് മേഖലയിലെ അഴുക്കുചാലില്‍ കൂടി ചുവന്ന ദ്രാവകം ഒഴുകി വന്നതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. ചോര അഴുക്കുചാലില്‍ എങ്ങനെ വന്നു എന്നതിനെ ചൊല്ലി രണ്ട് സംഘങ്ങള്‍ തമ്മില്‍ നടന്ന തര്‍ക്കം ക്രമേണ കയ്യാങ്കളിയില്‍ എത്തുകയായിരുന്നു. ഉച്ചമുതല്‍ വൈകുന്നേരം വരെ നിയന്ത്രണ വിധേയമായിരുന്ന സാഹചര്യം അര്‍ദ്ധരാത്രിയോടെ രൂപം മാറി. സംഘര്‍ഷത്തിനിടെ ഒരു പൊലീസുകാരന്‍ അടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
നിയമം കയ്യിലെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് എസ്‌പി സാഗരിക നാഥ് വ്യക്തമാക്കി. റോഡിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച ശേഷം ജനങ്ങളുമായി ചര്‍ച്ചകള്‍ നടത്തി സമാധാനം പുനഃസ്ഥാപിക്കാനായിരുന്നു നീക്കം. പരീക്ഷകള്‍ക്ക് മാറ്റമില്ല. ഹാള്‍ ടിക്കറ്റ് കാട്ടിയാല്‍ യാത്ര തടസപ്പെടുത്തില്ല. ആശുപത്രി അടക്കമുള്ള അടിയന്തര യാത്രകളെയും തടസപ്പടുത്തില്ല.