ന്യൂഡൽഹി : ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം കോണ്‍ഗ്രസിന്‍റെ ഗൂഢാലോചനയാണെന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്‍റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കുൽദീപ് വത്സ്. ബ്രിജ് ഭൂഷന്‍റെ അഹങ്കാരമാണ് ഇതെല്ലാം പറയിക്കുന്നതെന്ന് കുല്‍ദീപ് വത്സ് പറഞ്ഞു. ബിജെപിയുടെ ബേഠി പഠാവോ, ബേഠി ബച്ചാവോ മുദ്രാവാക്യം അവർക്ക് നുണ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
'ബിജെപിയുടെ ബേഠി പഠാവോ, ബേഠി ബച്ചാവോ എന്ന മുദ്രാവാക്യം അവർക്ക് വെറും നുണയാണ്. അഗ്നിവീർ അവതരിപ്പിച്ച് അവര്‍ ജവാന്‍മാരെയും ഡല്‍ഹി അതിര്‍ത്തിയില്‍ ഒന്നര വര്‍ഷം നിര്‍ത്തിക്കൊണ്ട് അവര്‍ കർഷകരെയും അവഹേളിച്ചു.'- വത്സ് പറഞ്ഞു.
നമ്മുടെ ഗുസ്‌തി താരങ്ങള്‍ രാജ്യത്തിനായി മെഡലുകൾ നേടിയപ്പോൾ പ്രധാനമന്ത്രിയും എല്ലാ ബിജെപി നേതാക്കളും അവരെ അഭിനന്ദിച്ചു. നമ്മുടെ സഹോദരിമാരും പെൺമക്കളും അതിക്രമങ്ങൾക്കെതിരെ ശബ്‌ദമുയർത്തുമ്പോൾ അവരുടെ കൂടെ നില്‍ക്കുകയാണ് വേണ്ടത്. കോൺഗ്രസ് അത് ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ഡബ്ല്യുഎഫ്ഐ പ്രസിഡന്‍റും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് ഇന്ന് രാവിലെയാണ് ഗുസ്‌തി താരങ്ങളുടെ പ്രതിഷേധത്തെ തള്ളിക്കൊണ്ട് രംഗത്ത് വന്നത്. വിനേഷ് ഫോഗട്ടും പുനിയയും കോൺഗ്രസ് പാർട്ടിയിൽ ചേര്‍ന്നതിലൂടെ തനിക്കെതിരെയുണ്ടായ ഗുസ്‌തി താരങ്ങളുടെ പ്രതിഷേധങ്ങള്‍ കോണ്‍ഗ്രസിന്‍റെ ഗൂഢാലോചന ആണെന്ന് തെളിഞ്ഞു എന്നായിരുന്നു ബ്രിജ് ഭൂഷന്‍റെ ആരോപണം. തീരുമാനത്തിൽ കോൺഗ്രസ് ഖേദിക്കേണ്ടി വരുമെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞിരുന്നു.
Also Read: ഗുസ്‌തി താരങ്ങളുടെ പ്രതിഷേധങ്ങള്‍ ഗൂഢാലോചനയെന്ന് ഇപ്പോള്‍ തെളിഞ്ഞു: ബ്രിജ് ഭൂഷൺ ശരൺ സിങ്