ന്യൂഡൽഹി: അദാനി വിഷയത്തിൽ പാർലമെൻ്റിന് പുറത്ത് ബിജെപി സർക്കാരിനെതിരെ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അദാനിയും നരേന്ദ്രമോദിയും തമ്മിലുള്ള അഭിമുഖം രൂപേണയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
ബിജെപി സർക്കാരിനെ പരിഹസിക്കുന്നതിനായി പ്രധാനമന്ത്രി മോദിയുടെയും ഗൗതം അദാനിയുടെയും മുഖംമൂടി ധരിച്ച പ്രതിപക്ഷ എംപിമാരെ രാഹുൽഗാന്ധി അഭിമുഖം നടത്തുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അദാനിയും നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ ഒരു ചോദ്യത്തിന്, പ്രധാനമന്ത്രി മോദിയുടെയും അദാനിയുടെയും മുഖംമൂടി ധരിച്ച രണ്ട് എംപിമാർ മറുപടിയായി 'ഞങ്ങൾ എല്ലാം ഒരുമിച്ച് ചെയ്യുന്നുവെന്നും വർഷങ്ങളായി ഞങ്ങൾ തമ്മിൽ ബന്ധമുണ്ടെ'ന്നും മറുപടി പറഞ്ഞു. പ്രതിപക്ഷ എംപിമാർ പ്രധാനമന്ത്രി മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പ്രതിഷേധത്തിനിടെ പരിഹസിക്കുകയുണ്ടായി.
എന്തുകൊണ്ടാണ് പാർലമെൻ്റ് നടപടികൾ സ്‌തംഭിപ്പിച്ചതെന്നുള്ള രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് മുഖംമൂടി ധരിച്ച എംപിമാർ, 'അമിത് ഭായ് (ആഭ്യന്തര മന്ത്രി അമിത് ഷാ) ഇന്ന് വീട്ടിൽ വന്നില്ലെന്നും അദ്ദേഹത്തെ കാണ്മാനില്ലെന്നും മറുപടി നല്‍കി. താൻ എന്ത് പറഞ്ഞാലും അവൻ അത് ചെയ്യുന്നതായിരിക്കുമെന്ന് പ്രധാനമന്ത്രി മോദിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് അദാനി പറഞ്ഞു.
സവിശേഷവും ദീർഘകാലവുമായുള്ള ബന്ധമാണെന്ന അടിക്കുറിപ്പോടെയാണ് രാഹുൽ ഗാന്ധി സമൂഹമാധ്യമമായ എക്‌സിൽ അഭിമുഖം പങ്കുവച്ചിട്ടുണ്ട്. യുഎസിൽ ഗൗതം അദാനിക്കെതിരായ കൈക്കൂലി ആരോപണങ്ങൾ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ എംപിമാരുടെ നിരന്തരമായ ആവശ്യം കാരണം പാർലമെൻ്റിലെ ശീതകാല സമ്മേളനം തടസപ്പെട്ടു.