മുംബൈ: യുവാക്കളെ കോണ്‍ഗ്രസ് മയക്കുമരുന്നിന് അടിമകളാക്കി ആ പണം തെരഞ്ഞെടുപ്പ് വിജയത്തിന് ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ പതിനായിരക്കണക്കിന് രൂപ വില വരുന്ന മയക്കുമരുന്നാണ് അടുത്തിടെ പിടികൂടിയത്. ഈ മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യപ്രതി കോണ്‍ഗ്രസ് നേതാവാണെന്നതാണ് ഏറെ ദൗര്‍ഭാഗ്യകരം. മഹാരാഷ്‌ട്രയിലെ വാഷി ജില്ലയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെ ആയിരുന്നു പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍.
ചടങ്ങില്‍ കര്‍ഷകര്‍ക്കുള്ള പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ പതിനെട്ടാമത്തെ തുകയും വിതരണം ചെയ്‌തു. കാര്‍ഷിക -കന്നുകാലി മേഖലകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 23000 കോടി രൂപയുടെ പദ്ധതികള്‍ക്കും അദ്ദേഹം തുടക്കമിട്ടു. ഏകദിന സന്ദര്‍ശനത്തിനായി മഹാരാഷ്‌ട്രയിലെ നന്ദെഡ് വിമാനത്താവളത്തില്‍ രാവിലെ എത്തിയ അദ്ദേഹം അവിടെ നിന്ന് ഹെലികോപ്‌ടര്‍ മാര്‍ഗം പൊഹാരദേവിയിലേക്ക് പോയി.
അവിടെ ജഗദംബ മാത ക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയ ശേഷം ബഞ്ജാര വിരാസത് മ്യൂസിയം ഉദ്ഘാടനം ചെയ്‌തു. ബഞ്ജാര സമുദായത്തിന്‍റെ സമ്പന്നമായ പൈതൃകം വെളിപ്പെടുത്തുന്ന മ്യൂസിയമാണിത്. പൊഹറാദേവിയിലെ സന്ത് സേവലാല്‍ മഹാരാജിന്‍റെയും സന്ത് രാം റാവുമഹാരാജിന്‍റെയും സമാധികളില്‍ അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സന്ത് സേവലാല്‍ മഹാരാജിന്‍റെ സമാധിയില്‍ അദ്ദേഹം പരമ്പരാഗത ചെണ്ടവാദനം നടത്തി ആദരമര്‍പ്പിച്ചു.
പിന്നീട് അദ്ദേഹം പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ പതിനെട്ടാമത് തവണ 9.4 കോടി ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന്‍റെ ഉദ്ഘാടനവും നിര്‍വഹിച്ചു. 20,000 കോടി രൂപയാണ് വിതരണം ചെയ്യുക. ഇതിന് പുറമെ നമോ ഷെത്കാരി മഹാസമ്മാന്‍ നിധി യോജനയുടെ 2000 കോടി രൂപയും അദ്ദേഹം വിതരത്തിനായി നല്‍കി.
കാര്‍ഷിക അടിസ്ഥാനസൗകര്യ ഫണ്ട്(എഐഎഫ്)ന്‍റെ കീഴില്‍ 1920 കോടി രൂപ ചെലവുള്ള 7,500 പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു. കസ്റ്റം ഹയറിങ് കേന്ദ്രങ്ങള്‍, പ്രാഥമിക ഉത്പാദന കേന്ദ്രങ്ങള്‍, വെയര്‍ഹൗസുകള്‍, സോര്‍ട്ടിങ്, ഗ്രേഡിങ് യൂണിറ്റുകള്‍, കോള്‍ഡ് സ്റ്റോറേജ് പദ്ധതികള്‍, വിളവെടുപ്പാനന്തര നടത്തിപ്പ് പദ്ധതികള്‍ തുടങ്ങിയവയാണ് ഇതിലുള്‍പ്പെടുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
1300 കോടി രൂപ വരുമാനമുള്ള 9200 കാര്‍ഷികോത്പാദന സംഘങ്ങള്‍, കന്നുകാലികള്‍ക്കുള്ള യൂണിഫൈഡ് ജെനോമിക് ചിപ്,തദ്ദേശ ലിംഗ നിര്‍ണയ ബീജ സാങ്കേതികത തുടങ്ങിയവയും ഉദ്ഘാടനം ചെയ്‌തു. താങ്ങാനാകുന്ന ചെലവില്‍ ലിംഗനിര്‍ണയം നടത്തിയ കന്നുകാലികളുടെ ബീജം കര്‍ഷകര്‍ക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു ഡോസിന് കേവലം 200 രൂപ മാത്രം ചെലവ് മാത്രമാക്കുക എന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
ജീനോ ടൈപ്പിങ് സേവനങ്ങള്‍ക്കായി ഏകീകൃത ജിനോമിക് ചിപ്പുകള്‍ വികസിപ്പിക്കും. തദ്ദേശ കന്നുകാലികള്‍ക്കായി ഗോചിപ്പുകളും എരുമകള്‍ക്കായി മഹിഷ് ചിപ്പുകളുമാകും വികസിപ്പിക്കുക.
19 മെഗാവാട്ട് ശേഷിയുള്ള അഞ്ച് സൗരോര്‍ജ്ജ പാര്‍ക്കുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു. മുഖ്യമന്ത്രി സൗരകൃഷി വാഹിനി യോജന 2.0ത്തില്‍ പെടുന്ന പദ്ധതിയാണിത്. മഹാരാഷ്‌ട്ര സര്‍ക്കാരിന്‍റെ സ്‌ത്രീകള്‍ക്കുള്ള ധനസഹായ പദ്ധതിയായ മുഖ്യമന്ത്രി മാഞ്ചി ലഡ്‌കി ബഹിന്‍ യോജനയുടെ ഗുണഭോക്താക്കളെ പരിപാടിയില്‍ ആദരിച്ചു.