ന്യൂഡൽഹി : കംബോഡിയയിൽ ആയിരത്തിലധികം ഇന്ത്യക്കാരെ സൈബർ തട്ടിപ്പ് നടത്താനായി ബന്ദികളാക്കി വെച്ചിരിക്കുകയാണെന്ന വാര്‍ത്തയോട് പ്രതികരിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ സർക്കാർ കംബോഡിയൻ അധികൃതരുമായി സംസാരിച്ച് വരികയാണെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
'കംബോഡിയയിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ പൗരന്മാരെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. തൊഴിലവസരങ്ങൾ വാഗ്‌ദാനം ചെയ്‌ത് നിയമ വിരുദ്ധമായ സൈബർ ജോലികൾ ചെയ്യാന്‍ നിർബന്ധിതരാക്കിയ ഇന്ത്യൻ പൗരന്മാരുടെ പരാതികളില്‍ കംബോഡിയയിലെ ഞങ്ങളുടെ എംബസി പ്രതികരിക്കുന്നുണ്ട്'- എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
കംബോഡിയൻ അധികാരികളുമായ സഹകരിച്ച്, കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 250 ഓളം ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. മന്ത്രാലയവും കംബോഡിയയിലെ ഇന്ത്യൻ എംബസിയും ഇത്തരം തട്ടിപ്പുകളെ കുറിച്ച് നമ്മുടെ പൗരന്മാർക്ക് നിരവധി മുന്നറിയിപ്പുകള്‍ നൽകിയിട്ടുണ്ടെന്നും ജയ്‌സ്വാള്‍ പറഞ്ഞു.
പിന്തുണ തേടുന്ന കംബോഡിയയിലെ എല്ലാ ഇന്ത്യൻ പൗരന്മാരെയും സഹായിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഈ വഞ്ചന ആസൂത്രണം ചെയ്യുന്നവരെ പിടികൂടാന്‍ കംബോഡിയൻ അധികാരികളുമായും ഇന്ത്യയിലെ ഏജൻസികളുമായും പ്രവർത്തിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കംബോഡിയയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യാനായി വിദേശകാര്യ മന്ത്രാലയം, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍റര്‍, മറ്റ് സുരക്ഷാ വിദഗ്‌ധര്‍ എന്നിവരുമായി നേരത്തെ ആഭ്യന്തര മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു.