ബെംഗളൂരു: മൂഡ കേസ് വിവാദത്തിന് കാരണമായ 14 പ്ലോട്ടുകൾ തിരികെ നൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതി. തുറന്ന കത്തിലൂടെയാണ് പാർവതി ഇക്കാര്യം വ്യക്‌തമാക്കിയത്. സഹോദരൻ നൽകിയ ഭൂമി വിവാദമാകുമെന്ന് കരുതിയില്ലെന്നും, അന്തസിനും മാനത്തിനും മുകളിലല്ല സമ്പത്തെന്നും പാർവതി കത്തില്‍ വ്യക്‌തമാക്കി.
'എൻ്റെ ഭർത്താവ് സിദ്ധരാമയ്യ നാൽപ്പത് വർഷമായി രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നു. ഈ കാലയളവിലുടനീളം അദ്ദേഹം തൻ്റെ ധാർമികത കൈവെടിഞ്ഞിട്ടില്ല. അദ്ദേഹത്തിൻ്റെ പൊതുജീവിതത്തിലും രാഷ്‌ട്രീയത്തിലും ഇടപെട്ട് അദ്ദേഹത്തിൻ്റെ പേരിന് കളങ്കം വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ഒരിക്കലും വീടും സ്വത്തും സ്വർണ്ണവും സമ്പത്തും ഒന്നും തന്നെ ആഗ്രഹിച്ചിട്ടില്ല. അദ്ദേഹത്തിൻ്റെ രാഷ്‌ട്രീയ ജീവിതത്തിന് ഒരു ചെറിയ കളങ്കം പോലും ഉണ്ടാകാതിരിക്കുന്നതിന് ഞാൻ ശ്രദ്ധിച്ചിരുന്നു.' -പാർവതി കത്തില്‍ കുറിച്ചു.
കർണാടകയിലെ ജനങ്ങൾ തന്‍റെ ഭർത്താവിനോട് കാണിക്കുന്ന സ്‌നേഹവും ആദരവും കണ്ടിട്ട് സന്തോഷവും അഭിമാനവുമാണ് തോന്നിയതെന്നും പാർവതി കത്തില്‍ ചൂണ്ടിക്കാട്ടി. മൈസൂരിലെ മൂഡ ഭൂമി ഇടപാട് കേസ് തന്നെ വളരെയധികം വേദനിപ്പിച്ചു. സ്വന്തം സഹോദരൻ നൽകിയ ഭൂമി ഇത്രയും വിവാദമാകുമെന്നും തൻ്റെ ഭർത്താവ് അന്യായമായ ആരോപണങ്ങൾ നേരിടേണ്ടിവരുമെന്നും ഒരിക്കലും കരുതിയിരുന്നില്ലെന്നും പാർവതി കത്തില്‍ കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കത്തിലെ പ്രസക്‌തമായ ഭാഗങ്ങൾ:
'എൻ്റെ ഭർത്താവിൻ്റെ അന്തസിനും മാനത്തിനും മുകളിലല്ല എനിക്ക് വീട്, സ്വത്ത്, സമ്പത്ത് എല്ലാം. എനിക്കോ എൻ്റെ കുടുംബത്തിന് വേണ്ടിയോ ഞാൻ ഒന്നും തന്നെ ആഗ്രഹിച്ചിട്ടില്ല. അദ്ദേഹം വർഷങ്ങളായി രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നു. എൻ്റെ ആവശ്യങ്ങൾക്ക് വേണ്ടി ഒരിക്കലും ആ പദവി ദുരുപയോഗം ചെയ്‌തിട്ടില്ല. ഈ പശ്ചാത്തലത്തിൽ വിവാദത്തിന് കാരണമായ മൂഡയുടെ 14 സ്ഥലങ്ങളും തിരികെ നൽകാനായി ഞാൻ തീരുമാനിച്ചു. ഇതിനെക്കുറിച്ച് എൻ്റെ ഭർത്താവ് എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല. ഞാൻ ഇക്കാര്യം അദ്ദേഹവുമായി ഇതുവരെ ചർച്ച ചെയ്‌തിട്ടില്ല.
'എൻ്റെ മനസാക്ഷിയെ മുൻനിർത്തി ഞാനെടുത്ത തീരുമാനമാണിത്. എന്തുകൊണ്ടാണ് നിങ്ങൾ ഈ തീരുമാനമെടുത്തതെന്ന ചോദ്യമുയർന്നേക്കാം. എന്നാൽ എന്നാണോ ഈ ആരോപണങ്ങൾ ഉടലെടുത്തത് അന്ന് ഞാനീ തീരുമാനത്തിലെത്തുകയായിരുന്നു. എന്നാൽ എൻ്റെ ഭർത്താവിനെതിരെ വന്ന ആരോപണം രാഷ്‌ട്രീയപ്രേരിതം തന്നെയാണ്. ഈ അനീതിക്കെതിരെ നാം പോരാടേണ്ടതുണ്ട്'.
'എൻ്റെ തീരുമാനത്തിൽ ഞാൻ ഉറച്ചു നിൽക്കുകയാണ്. ഭൂമി തിരിച്ചു നൽകുകയും ഈ വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതാണ്. അവസാനമായി ഞാൻ പറയാനാഗ്രഹിക്കുന്നത് രാഷ്‌ട്രീയ പാർട്ടി നേതാക്കളോടും മാധ്യമ പ്രവർത്തകരോടുമാണ്. ഒരിക്കലും രാഷ്‌ട്രീയ കുടുംബങ്ങളിലെ സ്‌ത്രീകളുടെ അന്തസിനും അഭിമാനത്തിനും കളങ്കമുണ്ടാരകുന്ന രീതിയിൽ രാഷ്‌ട്രീയ വിദ്വേഷത്തിൻ്റെ പേരിൽ വിവാദങ്ങൾ സൃഷ്‌ടിക്കരുത്'. -പാർവതി പറഞ്ഞു.
Also Read: മുഡ കേസ്; സിദ്ധരാമയ്യയ്ക്കെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌ത് ലോകായുക്ത