റായ്‌പൂര്‍: തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി തുടര്‍ച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്ര മോദിക്ക് ആശംസകള്‍ അര്‍പ്പിച്ച് ഛത്തീസ്‌ഗഡ് നിയമസഭ പ്രമേയം പാസാക്കി. എന്നാല്‍ പ്രതിപക്ഷത്തിന്‍റെ അസാന്നിധ്യത്തിലായിരുന്നു പ്രമേയം പാസാക്കിയത്. മൂന്നാംവട്ടവും പ്രധാനമന്ത്രി പദത്തിലെത്തിയത് വലിയ നേട്ടമാണെന്ന് പ്രമേയം പാസാക്കിയ വേളയില്‍ സംസാരിച്ച മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായി പറഞ്ഞു.
നിലവിലെ രാഷ്‌ട്രീയ വെല്ലുവിളികള്‍ നേരിട്ട് കൊണ്ടാണ് മോദി പ്രധാനമന്ത്രി പദത്തിലേക്ക് എത്തിച്ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ ആദ്യ മന്ത്രിസഭയില്‍ ഒരു സഹമന്ത്രിയായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് തന്‍റെ ഭാഗ്യമാണ്. ചെങ്കോട്ടയില്‍ സ്വച്ഛ്‌ഭാരത് പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ പ്രതിപക്ഷം അദ്ദേഹത്തെ പരിഹസിച്ചു. എന്നാല്‍ ഇന്ന് അതിന്‍റെ പ്രാധാന്യം എല്ലാവരും തിരിച്ചറിയുന്നു.
2014ല്‍ മോദി പ്രധാനമന്ത്രിയാകുമ്പോള്‍ രാജ്യത്തെ 14000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിയിരുന്നില്ല. ഇപ്പോള്‍ ഇവിടെയെല്ലാം വൈദ്യുതി എത്തിയെന്ന് അദ്ദേഹം ഉറപ്പാക്കിയിരിക്കുന്നു. ജന്‍ധന്‍ അക്കൗണ്ടുകള്‍ എടുപ്പിക്കാന്‍ പ്രധാനമന്ത്രിയെടുത്ത പ്രയാസങ്ങളും വിഷ്‌ണു ദേവ് അനുസ്‌മരിച്ചു. മോദി രണ്ടാം തവണ പ്രധാനമന്ത്രിയായപ്പോള്‍ പല സുപ്രധാന തീരുമാനങ്ങളും കൈക്കൊണ്ടു. ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കി. രാമക്ഷേത്രം നിര്‍മിച്ചു തുടങ്ങി പല നിര്‍ണായക തീരുമാനങ്ങളും അദ്ദേഹം നടപ്പാക്കി.
കൊവിഡ് 19നെതിരെ മോദി നടത്തിയ പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി എടുത്ത് കാട്ടി. രാജ്യത്തെല്ലായിടവും എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കി. മോദിയുടെ ഉറപ്പുകളില്‍ വിശ്വസിച്ച് ജനങ്ങള്‍ അദ്ദേഹത്തിന് വോട്ട് നല്‍കി. 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന അദ്ദേഹത്തിന്‍റെ സ്വപ്‌നത്തിനൊപ്പം നമുക്കും നിലയുറപ്പിക്കാം. ഛത്തീസ്‌ഗഡിനെ ഒരു വികസിത സംസ്ഥാനമാക്കി മാറ്റി അദ്ദേഹത്തെ പിന്തുണയ്ക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Also Read: നീറ്റ്-യുജി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; മലയാളിയടക്കം 17 പേര്‍ക്ക് ഒന്നാം റാങ്ക്