ചെന്നൈ: കഴിഞ്ഞ മാസം മുപ്പതിനാണ് കേരളത്തെ പിടിച്ച് കുലുക്കി വയനാട്ടില്‍ കനത്ത ഉരുള്‍ പൊട്ടലുണ്ടായത്. ദിവസമിത്രയും കഴിഞ്ഞിട്ടും നാം ആ ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല. വയനാടിനെ ഈ ദുരന്തത്തില്‍ നിന്ന് കരകയറ്റാന്‍ ലോകമെമ്പാടും നിന്ന് സഹായങ്ങള്‍ ഒഴുകിയെത്തുന്നു. കുടുക്ക പൊട്ടിച്ച് കുഞ്ഞുങ്ങളും സൈക്കിള്‍ വാങ്ങാന്‍ വച്ച കാശെടുത്ത് കുട്ടികളും ഈ വലിയ ഉദ്യമത്തില്‍ പങ്കാളികളാകുന്നു.
അണ്ണാറക്കണ്ണനും തന്നാലയത് എന്ന മട്ടില്‍ ചെന്നൈ നഗരത്തിലെ അരപ്പട്ടിണിക്കാരിയായ ഒരു മലയാളി വനിത ഓട്ടോ റിക്ഷാ ഡ്രൈവറും ഈ ഉദ്യമത്തില്‍ പങ്കാളിയാകുകയാണ്. ചെന്നൈയിലെ പെരമ്പൂരിൽ നിന്നുള്ള വനിതാ ഓട്ടോ ഡ്രൈവറായ രാജി ഞായർ, തിങ്കൾ ദിവസങ്ങളിൽ ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനം (ആഴ്‌ചയിലെ വലിയ കളക്ഷൻ ദിനങ്ങളാണ്) കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകുന്നത്.
ഇതിനായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണമടയ്ക്കുന്നതിനുള്ള ബോധവൽക്കരണ ബാനറുകൾ അവർ തന്‍റെ ഓട്ടോയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഓൺലൈൻ ഇടപാട് സൗകര്യമില്ലാത്ത ഒരാൾക്ക് ഓട്ടോയ്ക്കുള്ളിൽ അവൾ ഒരു ചെറിയ പെട്ടിയും സൂക്ഷിക്കുന്നു. ആദ്യ ഘട്ടത്തിൽ, തമിഴ് ടെലിവിഷൻ സെലിബ്രിറ്റി ബാലയുമായി ചേർന്ന് വയനാട്ടിലെ ജനങ്ങൾക്ക് ഫണ്ട് നൽകുന്നതിനുള്ള ബോധവത്കരണത്തിന് രാജി തുടക്കമിട്ടു.
"ഓട്ടോയിൽ കയറിയാലുടൻ എന്‍റെ യാത്രക്കാര്‍ ഓൺലൈനായി കേരളാ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. എല്ലാ ഉപഭോക്താക്കളും യാത്രയ്ക്കുള്ള തുകയേക്കാൾ കൂടുതൽ നൽകുന്നു. ഞായർ, തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ യാത്ര ചെയ്യുന്ന നിരവധി പേർ തങ്ങളുടെ യാത്രാക്കൂലി സഹിതം ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളാൽ കഴിയുന്ന വിധത്തിൽ സഹായിക്കുന്നുണ്ടെന്നും രാജി ഇടിവി ഭാരതിനോട് പറഞ്ഞു,
അടുത്ത ഘട്ടമായി വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ബോധവൽക്കരണ നോട്ടീസ് ഉണ്ടാക്കാൻ ഞാൻ ആലോചിക്കുന്നു. ഇത് എല്ലാ ഉപഭോക്താക്കൾക്കും നൽകും, ആരെങ്കിലും ഇതിലൂടെ സഹായിക്കാൻ മുന്നോട്ട് വന്നാൽ സന്തോഷം. സ്വന്തം കുടുംബത്തെ സഹായിക്കാൻ ഇഷ്‌ടപ്പെടുന്ന എല്ലാവരും വയനാട്ടിലെ ജനങ്ങളെ സഹായിക്കാൻ മുന്നോട്ട് വരണം. കേരള മുഖ്യമന്ത്രി ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നത് നിർത്തുന്നത് വരെ ഞായർ, തിങ്കൾ ദിവസങ്ങളിൽ എന്‍റെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത് തുടരും," രാജി വികാരാധീനയായി പറഞ്ഞു.
Also Read: വയനാടിനെ ചേര്‍ത്തുപിടിച്ച് ചലച്ചിത്ര താരം ധനുഷ്; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം കൈമാറി