ന്യൂഡല്‍ഹി: വിമാനത്താവളങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ഹോട്ടലുകള്‍, ബസ് സ്‌റ്റാന്‍ഡുകള്‍ തുടങ്ങിയിടങ്ങളിലെ പൊതു ചാര്‍ജിങ് പോര്‍ട്ടുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ മുന്നറിയിപ്പ്. ഇത്തരം ഇടങ്ങളില്‍ ചാര്‍ജ് ചെയ്യേണ്ടി വന്നാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്.
സൈബര്‍ കുറ്റവാളികള്‍ ഇവ ദുരുപയോഗം ചെയ്യുന്നതായി സൂചന ലഭിച്ചതിനാലാണ് മുന്നറിയിപ്പ്. വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കാനും ഫോണുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാനും സൈബര്‍ കുറ്റവാളികള്‍ പബ്ലിക് ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ഉപയോഗിക്കുന്നുവെന്നാണ് വിവരം. ജ്യൂസ് ജാക്കിങ് എന്നാണ് ഇത്തരം ഹാക്കിങ്ങിനെ വിളിക്കുന്നത്.
നിങ്ങളുടെ ഫോണ്‍ സുരക്ഷിതമായിരിക്കാന്‍ പവര്‍ ബാങ്കുകള്‍ കൊണ്ടു നടക്കുക, പരിചിതമല്ലാത്ത ഉപകരണങ്ങളുമായി മൊബൈല്‍ ബന്ധിപ്പിക്കാതിരിക്കുക, ഫോണ്‍ ലോക്ക് ചെയ്യുക, ഫോണ്‍ ഓഫ് ചെയ്‌ത് ചാര്‍ജ് ചെയ്യുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും കേന്ദ്ര ഐടി മന്ത്രാലയം മുന്നോട്ട് വയ്ക്കുന്നു. കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ 1930 എന്ന നമ്പരിലോ വിളിച്ച് ഇത്തരം വിവരമറിയിക്കാവുന്നതാണ്.
Also Read: സാങ്കേതിക വിദ്യയും ഡിജിറ്റൽ തട്ടിപ്പുകളും; സൈബർ സുരക്ഷയുടെ കാണാപ്പുറങ്ങൾ