കൊൽക്കത്ത: രണ്ട് സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ സെൻട്രൽ ഫോഴ്‌സ് ജവാന്‍ അറസ്‌റ്റില്‍. സിആർപിഎഫ് ജവാനായ തിർജൻ പ്രധാൻ ആണ് അറസ്‌റ്റിലായത്. വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ ചിത്പൂർ പൊലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
ബറൂയ്‌പൂരിൽ നിന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇയാൾ എന്നാണ് റിപ്പോർട്ട്. പ്രതിയായ ജവാൻ താല പാലത്തിന് സമീപം രണ്ട് സ്ത്രീകളെ പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവ സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായി സൂചനയുണ്ട്. സ്ത്രീകൾ നിലവിളിച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഇയാളെ തടഞ്ഞുനിർത്തി മർദിച്ചതായും ആരോപണമുണ്ട്.
സിആർപിഎഫ് ജവാനെതിരായ പീഡനാരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. സൗത്ത് 24 പർഗാനാസിലെ ബരുയിപൂരിൽ ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ സുരക്ഷ ചുമതലയിലായിരുന്നു ഇയാള്‍ ഉണ്ടായിരുന്നത്. പീഡനത്തിനിരയായ സ്ത്രീകളെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. പരാതി നൽകിയ രണ്ട് സ്ത്രീകളും സഹോദരിമാരാണെന്നാണ് വിവരം.
അതേസമയം വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളിൽ കേന്ദ്രസേനാ ജവാൻമാർക്കെതിരെ പീഡനക്കേസുകളുണ്ടാകുന്നത് ഇതാദ്യമായല്ല. നേരത്തെ ഹൗറയിലും തെരഞ്ഞെടുപ്പിനിടെ കേന്ദ്രസേനയിലെ ജവാൻമാർക്കെതിരെ പീഡനാരോപണം ഉയർന്നിരുന്നു.
ALSO READ: കവിത തിഹാർ ജയിലിൽ തുടരും; മദ്യനയ അഴിമതി കേസിലെ ജുഡീഷ്യൽ കസ്‌റ്റഡി നീട്ടി