ന്യൂഡൽഹി : രാജ്യത്ത് എട്ട് പുതിയ റെയില്‍വേ ലൈൻ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അനുമതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്‌ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. 24,657 കോടി രൂപ ചെലവിലാണ് പുതിയ പുതിയ റെയിൽവേ ലൈൻ പദ്ധതികൾ ആവിഷ്‌കരിക്കുന്നതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു.
ഒഡിഷ, മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, ബിഹാർ, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ ഏഴ് സംസ്ഥാനങ്ങളിലെ 14 ജില്ലകളിലായാണ് എട്ട് പദ്ധതികള്‍ വരുന്നത്. ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത് എന്നും അശ്വിനി വൈഷ്‌ണവ് പറഞ്ഞു.
'ഈ പ്രോജക്‌ടുകൾ കണക്റ്റിവിറ്റി വര്‍ധിപ്പിക്കും. യാത്ര എളുപ്പമാക്കുകയും ലോജിസ്റ്റിക് ചെലവുകൾ കുറയ്ക്കും ചെയ്യും. പദ്ധതികൾ പൂർത്തിയാകുമ്പോൾ എണ്ണ ഇറക്കുമതി കുറയുകയും CO2 ഉദ്‌വമനം കുറയ്ക്കുകയും ചെയ്യും. നിർമ്മാണ വേളയിൽ ഏകദേശം മൂന്ന് കോടി തൊഴിൽ ദിനങ്ങള്‍ നേരിട്ട് സൃഷ്‌ടിക്കപ്പെടും'- അശ്വിനി വൈഷ്‌ണവ് പറഞ്ഞു.
ഈ പദ്ധതികൾക്കൊപ്പം 64 പുതിയ സ്റ്റേഷനുകളും നിർമ്മിക്കപ്പെടും. ഇത് ഈസ്റ്റ് സിംഗ്ഭും, ഭദ്രാദ്രി കോതഗുഡെം, മൽക്കൻഗിരി, കലഹന്ദി, നബരംഗ്പൂർ, രായഗഡ എന്നീ ആറ് ജില്ലകളിലേക്കുള്ള കണക്റ്റിവിറ്റി വർധിപ്പിക്കും. ഏകദേശം 510 ഗ്രാമങ്ങള്‍ക്കും 40 ലക്ഷത്തോളെ ജനങ്ങള്‍ക്കും ഇത് ഉപകാരപ്പെടുമെന്നും മന്ത്രി പറഞ്ഞു. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ അജന്ത ഗുഹകൾ ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിച്ച്, വിനോദസഞ്ചാരം സുഗമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി 3.5 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നും അശ്വിനി വൈഷ്‌ണവ് കൂട്ടിച്ചേർത്തു.
Also Read : അംബേദ്‌കറുടെ ഭരണഘടനയിൽ എസ്‌സി, എസ്‌ടി സംവരണത്തിൽ ക്രീമി ലെയർ വ്യവസ്ഥ ഇല്ല; കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്