ദുർഗ് (ഛത്തീസ്‌ഗഡ്) : ദുർഗ് ജില്ലയിൽ 50 പേരുമായി സഞ്ചരിക്കുകയായിരുന്ന ബസ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ 12 പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കുംഹാരി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഖാപ്രി ഗ്രാമത്തിന് സമീപം രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്. അപകടവിവരം ലഭിച്ചയുടൻ എസ്‌ഡിആർഎഫും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചുവെന്ന് അധികൃതർ അറിയിച്ചു.
പ്രാഥമിക വിവരമനുസരിച്ച്, ബസ് റോഡിൽ നിന്ന് തെന്നിമാറി 40 അടി താഴ്‌ചയുള്ള 'മുറും' ഖനിയിലേക്ക് വീഴുകയായിരുന്നുവെന്ന് ദുർഗ് പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര ശുക്ല പറഞ്ഞു. അപകടത്തിൽ മൂന്ന് സ്‌ത്രീകൾ ഉൾപ്പെടെ 12 പേർ മരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മുറം എന്ന ഇനം മണ്ണ് നിർമ്മാണത്തിനാണ് കൂടുതലും ഉപയോഗിക്കുന്നത്. ബസ് അപകടം നടന്നുവെന്ന മുന്നറിയിപ്പ് ലഭിച്ചയുടൻ പൊലീസ് സംഘം സ്ഥലത്തെത്തി സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നാട്ടുകാരുടെയും ടീമുകൾക്കൊപ്പം രക്ഷാപ്രവർത്തനം ആരംഭിച്ചുവെന്നും ജിതേന്ദ്ര ശുക്ല സൂചിപ്പിച്ചു.
സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ദുർഗ് കലക്‌ടർ റിച്ച പ്രകാശ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. കുംഹാരി മേഖലയിൽ സ്ഥിതി ചെയ്യുന്ന കെഡിയ ഡിസ്‌റ്റിലറീസ് തൊഴിലാളികളാണ് ബസിലുണ്ടായിരുന്നത്. ഇതുവരെ 12 പേരുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ 14 പേരിൽ 12 പേരെ റായ്‌പൂരിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു, മറ്റ് രണ്ട് പേർ അവിടെ ഒരു ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ പറഞ്ഞു.
അപകടത്തിൽപ്പെട്ടവർക്ക് കമ്പനി നഷ്‌ടപരിഹാരം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്, അവർക്ക് ഭരണകൂടത്തിൽ നിന്ന് സമാനമായ സഹായം ലഭിക്കുമെന്ന് കലക്‌ടർ അറിയിച്ചു. സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും റിച്ച പ്രകാശ് ചൗധരി വ്യക്തമാക്കി.
ഇരുട്ടായതിനാൽ തന്നെ രക്ഷാപ്രവർത്തകർക്ക് തുടക്കത്തിൽ പ്രയാസം നേരിട്ടുവെന്ന്, പ്രസിഡന്‍റ് ദ്രൗപതി മുർമു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു. 'ഛത്തീസ്‌ഗഡിലെ ദുർഗ് ജില്ലയിലുണ്ടായ ബസ് അപകടത്തിൽ നിരവധി ആളുകളുടെ മരണവാർത്തയിൽ ഞാൻ അതീവ ദുഃഖിതയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു'വെന്നും രാഷ്‌ട്രപതി എക്‌സിൽ കുറിച്ചു.
'ഛത്തീസ്‌ഗഡിലെ ദുർഗിൽ ഉണ്ടായ ബസ് അപകടം വളരെ വേദനാജനകമാണ്, തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടവരോട് അനുശോചനം അറിയിക്കുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു, സംസ്ഥാന സർക്കാരിന്‍റെ മേൽനോട്ടത്തിൽ, അപകടത്തില്‍പ്പെട്ടവർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നതിൽ പ്രാദേശിക ഭരണകൂടം ഏർപ്പെട്ടിട്ടുണ്ട്' എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായി അപകടത്തിൽ ദുഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് ചികിത്സ നൽകാൻ മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാർ ബസ് അപകടത്തിൽ മരിച്ചെന്ന വാർത്തയാണ് ലഭിച്ചത്. പരേതരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സമാധാനവും ശക്തിയും ദൈവം നൽകട്ടെ എന്നും വിഷ്‌ണു ദേവ് സായി കൂട്ടിച്ചേർത്തു.
ALSO READ : പന്തീരാങ്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്