കൊല്‍ക്കത്ത: ഇന്ത്യയില്‍ മരണപ്പെട്ടയാളുടെ മൃതദേഹം അവസാനമായി ഒരു നോക്കുകാണാന്‍ ബംഗ്ലാദേശിലുള്ള മകള്‍ക്കും ബന്ധുക്കള്‍ക്കും അവസരം ഒരുക്കി ബിഎസ്എഫ്. ബംഗാളിലെ നാദിയ ജില്ലയിലെ പുട്ടിഖലി അതിർത്തിയിലാണ് സംഭവം നടന്നത്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ സീറോ ലൈനിലാണ് ജീവനറ്റ പിതാവിനെ അവസാനമായി കാണാന്‍ മകള്‍ക്ക് ബിഎസ്‌എഫ് അവസരം നല്‍കിയത്.
നാലുപൂർ ഗ്രാമത്തിലെ താമസിച്ചിരുന്ന ബംഗ്ലാദേശ് പൗരനായ മഹബുൽ മണ്ഡലായിരുന്നു മരിച്ചത്. ഇയാളുടെ മകളും ബന്ധുക്കളും ബംഗ്ലാദേശിലെ മെദിനിപൂർ ഗ്രാമത്തിലാണ് താമസിക്കുന്നത്. ഇവര്‍ക്ക് മഹബുൽ മണ്ഡലിന്‍റെ മൃതദേഹം കാണാന്‍ അവസരം ഒരുക്കണമെന്ന് നാലുപൂർ ഗ്രാമത്തിൽ താമസിക്കുന്ന, ലിപി ബീബി എന്നയാള്‍ ബിഎസ്എഫിന്‍റെ നാലാം ബറ്റാലിയനിലെ കമ്പനി കമാൻഡറെ അറിയിക്കുകയായിരുന്നു.
മാനുഷിക പരിഗണന നല്‍കി ഇയാളുടെ അഭ്യര്‍ഥന മാനിച്ച് ബിഎസ്‌എഫ് ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി) ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഇരു രാജ്യത്തിന്‍റെയും അതിര്‍ത്തി കാവല്‍ക്കാര്‍ കൈകോര്‍ക്കുയായിരുന്നു. മനുഷ്യത്വവും അതിന്‍റെ മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ ബിഎസ്എഫ് പ്രതിജ്ഞാബദ്ധമാണെന്ന് സൗത്ത് ബംഗാൾ ബോർഡർ ഡിഐജി എകെ ആര്യ പറഞ്ഞു.
'സേന എല്ലായ്‌പ്പോഴും സാമൂഹികവും മാനുഷികവുമായ മൂല്യങ്ങളിൽ പ്രതിജ്ഞാബദ്ധമാണ്. അതിർത്തിയിൽ ബിഎസ്എഫ് ജവാന്മാർ രാവും പകലും രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നു. അതിർത്തി നിവാസികളുടെ മനുഷ്യ-സാമൂഹിക ക്ഷേമത്തെക്കുറിച്ചും അവർ ചിന്തിക്കുന്നു" അദ്ദേഹം വ്യക്തമാക്കി.
ALSO READ: ചൈനയും പാക്കിസ്ഥാനും ജാഗ്രതൈ; ഇന്ത്യയുടെ എയർ ഡിഫൻസ് സംവിധാനം ഇനി വേറെ ലെവലാകും