പൂനെ (മഹാരാഷ്‌ട്ര) : ഉജനി അണക്കെട്ടിലെ ജലാശയത്തിൽ യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞ് അപകടം. ചൊവ്വാഴ്‌ച വൈകുന്നേരം നടന്ന അപകടത്തിൽ ആറ് പേരെ കാണാതായതായി പൊലീസ് അറിയിച്ചു. നഗരത്തിൽ നിന്ന് 140 കിലോമീറ്റർ അകലെ പൂനെ ജില്ലയിലെ കലാഷി ഗ്രാമത്തിന് സമീപത്തായിരുന്നു ബോട്ട് മറിഞ്ഞത്.
ഗോകുൽ ദത്താത്രയ് ജാദവ് (30), കോമൾ ഗോകുൽ ജാദവ് (25), ശുഭം ഗോകുൽ ജാദവ് (1.5 ), മഹി ഗോകുൽ ജാദവ് (3), കുഗാവിൽ നിന്നുള്ള അനുരാഗ് ഡിച്ചി (35), ഗൗരവ് ഡോംഗ്രെ (16) എന്നിവരെയാണ് കാണാതായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പൂനെ റൂറൽ പൊലീസ് അറിയിച്ചു. അപകടത്തിൽപ്പെട്ടവരെ കണ്ടെത്താൻ രാത്രി തന്നെ തെരച്ചിൽ ആരംഭിച്ചിരുന്നു.
തുടർച്ചയായ രണ്ടാം ദിവസവും തെരച്ചിൽ തുടരുകയാണ്. അതേസമയം അപകടസമയം ബോട്ടിലുണ്ടായിരുന്ന പൊലീസ് സബ് ഇൻസ്‌പെക്‌ടർ രാഹുൽ ഡോംഗ്രെ നീന്തി രക്ഷപ്പെട്ടു. ഇദ്ദേഹമാണ് അപകടവിവരം ഗ്രാമവാസികളെയും പ്രാദേശിക ഭരണകൂടത്തെയും അറിയിച്ചത്.
അപകടസ്ഥലത്ത് തെരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി പൊലീസിന് പുറമെ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിആർഎഫ്), പ്രാദേശിക ഭരണകൂടം എന്നിവരെ വിന്യസിച്ചിരിക്കുന്നതായും റൂറൽ പൊലീസ് അറിയിച്ചു.
ALSO READ: കായലിൽ കുളിക്കാനിറങ്ങിയ നാല് കുട്ടികൾ മുങ്ങിമരിച്ചു; അപകടം പരസ്‌പരം രക്ഷിക്കാൻ ശ്രമിക്കവേ