റായ്‌പുര്‍: ഛത്തീസ്‌ഗഡിലെ വെടിമരുന്ന് ഫാക്‌ടറിയില്‍ സ്‌ഫോടനം. 17 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. ബെമെതാരയിലെ ബോർസി ഗ്രാമത്തിലെ ഫാക്‌ടറിയില്‍ ഇന്ന് രാവിലെയാണ് സ്‌ഫോടനമുണ്ടായത്.
സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ ഇനിയും ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടാകുമെന്നാണ് വിലയിരുത്തല്‍. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ പരിക്കേറ്റവരെ റായ്‌പൂരിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി.
സ്‌ഫോടനത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. ശക്തമായ സ്‌ഫോടനത്തില്‍ സമീപത്തെ വൈദ്യുതി തൂണുകളും കത്തി നശിച്ചു. ഇതോടെ മേഖലയിലെ വൈദ്യുതി വിതരണവും താറുമാറായി. ഏതാനും ദിവസം മുമ്പാണ് മഹാരാഷ്‌ട്രയിലെ താനെയിലെ കെമിക്കൽ ഫാക്‌ടറിയില്‍ സമാന രീതിയില്‍ സ്‌ഫോടനം ഉണ്ടായത്.
അപകടത്തില്‍ ഒമ്പത് പേർ കൊല്ലപ്പെടുകയും 60ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഛത്തീസ്‌ഗഡിലെ സ്‌ഫോടനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Also Read: നിര്‍ത്തിയിട്ട ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചു; സ്‌ഫോടനം മോഷണ ശ്രമത്തിനിടെയെന്ന് സൂചന, ആളപായമില്ല