ഭുവനേശ്വര്‍ : വരാനിരിക്കുന്ന ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഒഡിഷയില്‍ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് ബിജെപി. ബിജെഡിയുമായുള്ള അസ്വാരസ്യങ്ങളാണ് ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള തീരുമാനമെടുക്കാന്‍ കാരണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ മന്‍മോഹന്‍ സമലാണ് ഇക്കാര്യം വെള്ളിയാഴ്‌ച എക്‌സിലൂടെ അറിയിച്ചത്.
'ലോക്‌സഭ തെരഞ്ഞെടുപ്പിലും ഒഡിഷ നിയമസഭ തെരഞ്ഞെടുപ്പിലും പാര്‍ട്ടി ഒറ്റയ്‌ക്ക് മത്സരിക്കു'മെന്ന് സമല്‍ എക്‌സില്‍ കുറിച്ചു. 'പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വികസിത ഇന്ത്യയും വികസിത ഒഡിഷയും സൃഷ്‌ടിക്കാനായി സംസ്ഥാനത്തെ 21 ലോക്‌സഭ സീറ്റുകളിലും 147 നിയമസഭ സീറ്റുകളിലും ഇത്തവണ ഭാരതീയ ജനത പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും'.
'10 വര്‍ഷമായി മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്‍റെ നേതൃത്വത്തിലുള്ള ബിജു ജനതാദള്‍ (ബിജെഡി) ദേശീയ പ്രധാന്യമുള്ള പല വിഷയങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്നുണ്ട്. അതിന് ഞങ്ങള്‍ അദ്ദേഹത്തോട് നന്ദി പറയുന്നു. രാജ്യത്തുടനീളമുള്ള മുഴുവന്‍ സംസ്ഥാനങ്ങളിലും വികസനം നടപ്പിലാക്കുകയും ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും ഞങ്ങള്‍ കരുതുന്നു. എന്നാല്‍ ഒഡിഷയില്‍ മോദി സര്‍ക്കാരിന്‍റെ പല ക്ഷേമ പദ്ധതികളും നടപ്പിലാക്കുന്നില്ല.
മാത്രമല്ല നടപ്പിലാക്കുന്ന പല പദ്ധതികളുടെയും ആനുകൂല്യങ്ങള്‍ താഴെത്തട്ടിലുള്ളവരിലേക്ക് എത്തുന്നില്ല. ഇതുകാരണം ഒഡിഷയില്‍ നിര്‍ധനരായ സഹോദരീ സഹോദരന്മാര്‍ക്ക് അവരുടെ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. ഒഡിഷയുടെ അഭിമാനം, ഒഡിഷയുടെ മഹത്വം, ഒഡിഷയിലെ ജനങ്ങളുടെ താത്‌പര്യങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുമായി യോജിക്കാന്‍ കഴിയില്ലെന്നും' മന്‍മോഹന്‍ സമല്‍ എക്‌സില്‍ കുറിച്ചു.