ന്യൂഡല്‍ഹി : രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള ഏഴ് സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ച് ബിജെപി. പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അശോക് ചവാന് മഹാരാഷ്‌ട്രയില്‍ നിന്ന് മത്സരിക്കാനും ബിജെപി അവസരം നല്‍കി (Bharatiya Janata Party). ഗുജറാത്തില്‍ നിന്നുള്ള നാല് പേരുടെയും മഹാരാഷ്‌ട്രയില്‍ നിന്നുള്ള മൂന്ന് പേരുടെയും പേരുകളാണ് ബിജെപി ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ള പട്ടികയിലുള്ളത് (Rajyasabha election).
നദ്ദയ്ക്ക് പുറമെ ഗോവിന്ദ് ഭായ് ധോലാക്യ, മയാന്‍ഭായ് നായ്‌ക്, ജസ്വന്ത് സിങ് പാര്‍മര്‍ തുടങ്ങിയവരാണ് ഗുജറാത്തില്‍ നിന്ന് മത്സരിക്കുന്നത്. മഹാരാഷ്‌ട്രയില്‍ അശോക് ചവാനെ കൂടാതെ മേധ കുല്‍ക്കര്‍ണി, അജിത് ഗോപ്‌ഛദ്ദെ തുടങ്ങിയവരും മത്സരിക്കുന്നു(seven candidates list). മഹാരാഷ്‌ട്ര മുന്‍മുഖ്യമന്ത്രി അശോക് ചവാന്‍ ഈയാഴ്ച ആദ്യമാണ്, കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസമാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.
നിലവില്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ നദ്ദ ഇക്കുറി സുരക്ഷിത ഇടമെന്ന നിലയിലാണ് ഗുജറാത്തില്‍ നിന്ന് മത്സരിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചലില്‍ ഏക രാജ്യസഭാസീറ്റ് വിജയിക്കാന്‍ വേണ്ട ആള്‍ബലം ബിജെപിക്ക് നിയമസഭയിലില്ല. നേരത്തെ കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്‌ണവ് ഒഡിഷയില്‍ നിന്നും എല്‍ മുരുഗന്‍ മധ്യപ്രദേശില്‍ നിന്നും മത്സരിക്കുമെന്ന് ബിജെപി അറിയിച്ചിരുന്നു. ഞായറാഴ്‌ച പതിനാല് പേരുടെ പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു. മുന്‍ കേന്ദ്രമന്ത്രി ആര്‍പിഎന്‍ സിങ്ങും പാര്‍ട്ടി വക്താവ് സുധാംശു ത്രിവേദിയും ഈ പട്ടികയില്‍ ഇടംപിടിച്ചിരുന്നു.
രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം നാളെയാണ്. ആറ് വര്‍ഷമാണ് രാജ്യസഭാംഗത്തിന്‍റെ കാലാവധി. ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും 33ശതമാനം സീറ്റുകള്‍ ഒഴിവ് വരും. നിലവില്‍ 245 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. ഇതില്‍ 233 പേര്‍ വിവിധ സംസ്ഥാനങ്ങളെയും ഡല്‍ഹി, പുതുച്ചേരി, ജമ്മു,കശ്‌മീര്‍ തുടങ്ങിയ കേന്ദ്രഭരണപ്രദേശങ്ങളെയും പ്രതിനിധീകരിക്കുന്നു. 12 പേരെ രാഷ്‌ട്രപതി നാമനിര്‍ദ്ദേശം ചെയ്യും. ഓരോ സംസ്ഥാനത്തെയും ജനസംഖ്യയ്ക്ക് ആനുപാതികമായാണ് സീറ്റുകള്‍ നിശ്ചയിച്ചിട്ടുള്ളത്. പരോക്ഷ വോട്ടിംഗ് സംവിധാനമായ ആനുപാതിക പ്രാതിനിധ്യ വോട്ടെടുപ്പിലൂടെ നിയമസഭാ സമാജികരാണ് രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.
Also Read: രാജ്യസഭ തെരഞ്ഞെടുപ്പ് ; നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി സോണിയ ഗാന്ധി ജയ്‌പൂരിലേക്ക്
ഉത്തര്‍പ്രദേശ് അടക്കം പതിനഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഈ മാസം 27നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രാവിലെ ഒന്‍പതുമണി മുതല്‍ നാല് മണിവരെയാണ് വോട്ടെടുപ്പ്. അന്ന് തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും. ഏപ്രിലില്‍ കാലാവധി അവസാനിക്കുന്ന 56 അംഗങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്.