ന്യൂഡൽഹി : ഭാരതീയ ജനത പാർട്ടി അഞ്ച് സംസ്ഥാനങ്ങളുടെ കോർ ഗ്രൂപ്പ് യോഗം ചേർന്നു (BJP Core Group Meeting). ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ശനിയാഴ്‌ചയായിരുന്നു യോഗം ചേർന്നത്. 2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് അഞ്ച് സംസ്ഥാനങ്ങളുടെ കോർ ഗ്രൂപ്പ് യോഗം ബിജെപി ആസ്ഥാനത്ത് വിളിച്ചിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, സംഘടന ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവർ പങ്കെടുത്തിരുന്നു.
ഉത്തർപ്രദേശ് കോർ ഗ്രൂപ്പിന്‍റെ യോഗത്തിൽ പാർട്ടിക്ക് നഷ്‌ടമായ സീറ്റുകളെ കുറിച്ച് ചർച്ച നടന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. റായ്ബറേലി, മെയിൻപുരി സീറ്റുകൾക്കായി പ്രത്യേക ചർച്ചയും നടന്നിട്ടുണ്ട്. കൂടാതെ എംഎൽസി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള ചർച്ചയും യോഗത്തിലുണ്ടായിരുന്നു.
രണ്ടാം ഘട്ടത്തിൽ പശ്ചിമ ബംഗാൾ കോർ ഗ്രൂപ്പ് യോഗമാണ് സംഘടിപ്പിച്ചത്. സംസ്ഥാന പ്രസിഡന്‍റ് സുകാന്ത മജുംദാർ, സുവേന്ദു അധികാരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 42 ലോക്‌സഭ സീറ്റുകൾ യോഗത്തിൽ പ്രത്യേകം ചർച്ച ചെയ്‌തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സന്ദേശ് ഖാലിയിലെ സംഭവവികാസങ്ങളെക്കുറിച്ച് യോഗത്തിൽ പങ്കെടുത്ത ആഭ്യന്തര മന്ത്രി അമിത് ഷായുമായും മറ്റ് കോർ ഗ്രൂപ്പ് അംഗങ്ങളുമായും പ്രത്യേകം ചർച്ച ചെയ്‌തു.
പ്രധാനമന്ത്രിയുടെ റാലി മാർച്ച് 1 ന് അരംബാഗ് ജില്ലയിൽ നടക്കും. മാർച്ച് 2 ന് നടക്കുന്ന റാലി കൃഷ്‌ണ നഗറിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്. അദ്ദേഹം രണ്ട് റാലികളെ അഭിസംബോധന ചെയ്യുകയും നിരവധി പദ്ധതികൾ പൊതുജനങ്ങൾക്ക് സമർപ്പിക്കുകയും ചെയ്യുമെന്ന് പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്‍റ് സുകാന്ത മജുംദാർ പറഞ്ഞു.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമബംഗാളിൽ നിന്ന് കാഹളം മുഴക്കും. ബംഗാളിലെ 42 ലോക്‌സഭ സീറ്റുകളിൽ 35 എണ്ണത്തിലും ബിജെപി ഉറ്റുനോക്കുന്നുണ്ട്.
മൂന്നാം ഘട്ടത്തിൽ തെലങ്കാന കോർ ഗ്രൂപ്പിന്‍റെ യോഗമാണ് വിളിച്ചത്. തെലങ്കാനയിലെ 17 ലോക്‌സഭ സീറ്റുകളിലേക്ക് ഭാരതീയ ജനത പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തോടെ വിജയിക്കുന്നതിനും നഷ്‌ടമായ സീറ്റുകൾ അവലോകനം ചെയ്യുന്നതിനുമുള്ള തന്ത്രങ്ങളാണ് മൂന്നാംഘട്ടത്തിൽ ചർച്ച ചെയ്‌തത്.
നാലാം ഘട്ടത്തിൽ ഛത്തീസ്‌ഗഡ് കോർ ഗ്രൂപ്പിന്‍റെ യോഗം വിളിച്ചു. യോഗത്തിൽ പുതുമുഖങ്ങളെ കുറിച്ചും നാല് സീറ്റുകളിൽ പട്ടിക വർഗക്കാരെ (ST) മത്സരിപ്പിക്കാനും ബിജെപി ചർച്ച ചെയ്‌തിട്ടുണ്ട്.
2019-ൽ ബിജെപി തോറ്റ സീറ്റുകളായ കോർബ, ബസ്‌തർ എന്ന മണ്ഡലങ്ങളെക്കുറിച്ചുളള പ്രത്യേക ചർച്ചകളും നടന്നു. ജൻജ്‌ഗിർ, മഹാസമുന്ദ്, റായ്‌പൂർ, കാങ്കർ, രാജ്‌നന്ദ്ഗാവ് എന്നിവിടങ്ങളിൽ ലോക്‌സഭാ സീറ്റുകളിൽ മത്സരിക്കുന്ന പുതുമുഖങ്ങളെക്കുറിച്ചുള്ള ചർച്ചകളും നടന്നു.
അഞ്ചാം ഘട്ടത്തിൽ രാജസ്ഥാൻ കോർ ഗ്രൂപ്പിന്‍റെ യോഗം വിളിച്ചു. സംസ്ഥാനത്തെ 25 ലോക്‌സഭ സീറ്റുകളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്‌തു. അതേസമയം ഫെബ്രുവരി 27,28 തീയതികളിൽ വീണ്ടും കോർ ഗ്രൂപ്പ് യോഗം ചേർന്നേക്കും.